തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും സുഹൃത്തുക്കളും ചേർന്ന് കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ആര്യ രാജേന്ദ്രനെ പ്രതിക്കൂട്ടിലാക്കി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം. സച്ചിൻ ദേവ് എംഎൽഎ ബസിൽ കയറി യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ചുവെന്ന വാർത്ത മേയർ നിഷേധിച്ചിരുന്നു. തെറ്റായ കാര്യമാണെന്നും ഞങ്ങൾ ജനപ്രതിനിധികളല്ലേ അങ്ങനെ ചെയ്യുമോയെന്നും ആയിരുന്നു മേയറുടെ പ്രതികരണം. എന്നാൽ മേയറെ ന്യായീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിലാണ് എഎ റഹീം സച്ചിൻ ദേവ് ബസിൽ കയറിയെന്ന് സ്ഥിരീകരിച്ചത്.
വിഷയത്തിൽ ആദ്യമണിക്കൂറുകളിൽ ഇടപെട്ട ആളാണ് താനെന്ന് പറഞ്ഞുകൊണ്ടാണ് സച്ചിൻ ദേവ് ബസിൽ കയറിയെന്നും വണ്ടി ഡിപ്പോയിലേക്ക് വിടാൻ ആവശ്യപ്പെട്ടുവെന്നും റഹീം പറഞ്ഞത്. സംഭവം നടന്നതിന് പിന്നാലെ സച്ചിന്റെ ഫോണിലേക്ക് വിളിച്ചു. അപ്പോൾ ആര്യയുടെ കൈയ്യിൽ ഫോൺ കൊടുത്ത് താൻ സംസാരിച്ചുവെന്ന് ആയിരുന്നു റഹീമിന്റെ വാക്കുകൾ.
സച്ചിൻ ദേവ് ബസിൽ കയറി എനിക്കും കൂടി ടിക്കറ്റ് തരൂ വണ്ടി ഡിപ്പോയിലേക്ക് പോകട്ടെ എന്നാണ് ആവശ്യപ്പെട്ടത്. സാധാരണ കെഎസ്ആർടിസി ബസുകൾ വഴിയിൽ നിർത്തേണ്ടി വന്നാൽ മറ്റ് വാഹനങ്ങളിൽ കയറ്റി വിടുകയാണ് ഡ്രൈവർമാർ ചെയ്യുന്നതെന്നും റഹീം പറഞ്ഞു. സംഭവത്തിൽ മേയറുടെ വാദങ്ങൾ കളവാണെന്ന് വീണ്ടും വ്യക്തമാക്കുന്നതാണ് റഹീമിന്റെ വാക്കുകൾ.
കെഎസ്ആർടിസി ഡ്രൈവർ യദുവിനെ കുറ്റപ്പെടുത്തിയ എഎ റഹീം മേയർ എന്ത് തെറ്റാണ് ചെയ്തതെന്നും ചോദിച്ചു. ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചുവെന്ന മേയറുടെ ആരോപണം ആരും ഗൗരവത്തിലെടുക്കുന്നില്ലെന്നും റഹീം പറഞ്ഞു. എല്ലാവർക്കും കയറി കൊട്ടിയിട്ട് പോകാനുളള ചെണ്ടകളാണ് ചെങ്കൊടി പിടിക്കുന്ന വനിതകളെന്ന് ആർക്കെങ്കിലും മിഥ്യാധാരണ ഉണ്ടെങ്കിൽ അതങ്ങ് അവസാനിപ്പിച്ചേക്കണം എന്ന് പറയാനാണ് ഈ വാർത്താസമ്മേളനമെന്ന് പറഞ്ഞുകൊണ്ടായിരുന്നു റഹീമിന്റെ തുടക്കം.
സച്ചിൻദേവ് എംഎൽഎയൊക്കെ മാതൃകാപരമായ ജീവിതം നയിക്കുന്നവരാണ്. ഇവർക്കെതിരെ സൈബറിടത്തിൽ ആൾക്കൂട്ട ആക്രമണം നടത്തുകയാണ്. ഇതിനെ രാഷ്‌ട്രീയമായി നേരിടും. ഒറ്റപ്പെടുത്തി ആക്രമിക്കാം എന്ന് കരുതണ്ട. നിയമപരമായി പ്രതിരോധിക്കും. ഡിവൈഎഫ്‌ഐ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും റഹീം പറഞ്ഞു.