ഏതുവിധേനയും ഇന്ത്യയെ പാകിസ്താനിലെത്തിക്കാൻ നീക്കം നടത്തി പിസിബി. 2025ൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങൾ ഒരു വേദിയിൽ മാത്രമായി നടത്താമെന്നാണ് പുതിയ വാഗ്ദാനം. യാത്ര ഒഴിവാക്കി ഇന്ത്യയുടെ സൗകര്യപ്രകാരം മത്സരങ്ങൾ നടത്താനാണ് ഇത്തരം ഒരു ഉപാധി മുന്നോട്ട് വച്ചിരിക്കുന്നത്.
2025 ഫെബ്രുവരിയിൽ നടക്കുന്ന ടൂർണമെന്റ് രണ്ടാഴ്ചയോളം നീണ്ടുനിൽക്കും. കറാച്ചി,റാവൽപിണ്ടി,ലാഹോർ എന്നിങ്ങനെ മൂന്ന് സ്റ്റേഡിയങ്ങളണ് മത്സരങ്ങൾക്കായി പരിഗണിക്കുന്നത്. 17 വർഷമായി ഇന്ത്യ പാകിസ്താനിലേക്ക് പോയിട്ട്. 2008ലാണ് ഏറ്റവും ഒടുവിൽ ഇന്ത്യൻ ടീം പാകിസ്താനിൽ ഒരു മത്സരം കളിച്ചത്.
ഇതിനു ശേഷം ഒരു വിഭാഗത്തിലുള്ള ടീമിനെയും പാകിസ്താനിലേക്ക് അയക്കാൻ ബിസിസിഐ തയാറായിട്ടില്ല. പാകിസ്താന്റെ സഹകരണത്തോടെ വളരുന്ന ഭീരകരവാദം അവസാനിപ്പിക്കാതെ ഒരു ടീമിനെയും പാകിസ്താനിലേക്ക് അയക്കില്ലെന്ന നിലപാടിലാണ് ക്രിക്കറ്റ് ബോർഡ്. പാകിസ്താന്റെ ഒത്താശയോടെ ഭീകരവാദികൾ നിരവധി ആക്രമണങ്ങളും ഇന്ത്യയിൽ നടത്തിയിട്ടുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പാകിസ്താനുമായി ഒരുവിധ സഹകരണവും വേണ്ടെന്ന് വച്ചത്.