ഇസ്ലാമാബാദ്: രാഷ്‌ട്രീയ പരിപാടികളിൽ നിന്നും ജന്മദിനം ഉൾപ്പെടെയുള്ള ആഘോഷ പരിപാടികളിൽ നിന്നുമെല്ലാം വിട്ടു നിൽക്കണമെന്ന് വിദ്യാർത്ഥിനികൾക്ക് നിർദേശവുമായി പാകിസ്താനിലെ ടൈമർഗരയിലെ ഗവണ്മെന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് കോളേജ്. മതപരമായ ആചാരങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞുകൊണ്ടാണ് വിദ്യാർത്ഥികൾക്ക് ഇത്തരമൊരു നിർദേശം നൽകിയതെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കോളേജ് ചീഫ് പ്രോക്ടർ പ്രൊഫ.റിയാസ് മുഹമ്മദ് ആണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. രാജ്യത്തെ മറ്റ് ചില കോളേജുകളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട ചില സംഭവങ്ങളാണ് ഈ തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് റിയാസ് മുഹമ്മദിന്റെ വാദം. അത്തരം സംഭവങ്ങൾ തടയുക എന്ന ലക്ഷ്യത്തിലാണ് തീരുമാനമെന്നും, അക്കാദമിക് നിലവാരം ഉയർത്താൻ ഇത് സഹായിക്കുമെന്നും റിയാസ് പറയുന്നു. മാതാപിതാക്കൾ ഈ തീരുമാനത്തെ പിന്തുണയ്‌ക്കണമെന്നും ഇയാൾ പറയുന്നു.
വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 2018ലെ റിപ്പോർട്ട് പ്രകാരം സ്ത്രീ ശാക്തീകരണത്തിൽ 149 രാജ്യങ്ങളുടെ പട്ടികയിൽ 148ാം സ്ഥാനത്തുള്ള രാജ്യമാണ് പാകിസ്താൻ. സ്ത്രീകൾക്ക് ജിവിക്കാൻ ഏറ്റവും ബുദ്ധിമുട്ടേറിയതും സുരക്ഷിതമല്ലാത്തതുമായ രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് പാകിസ്താൻ. അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെടുക, സാമൂഹിക വിവേചനം, ദുരഭിമാനക്കൊലകൾ, ബലാത്സംഗം, തട്ടിക്കൊണ്ടു പോകൽ, നിർബന്ധിത വിവാഹത്തിന് ഇരയാക്കൽ എന്നിവയെല്ലാം പാകിസ്താനിൽ നിത്യസംഭവങ്ങളായി പല അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.















