ഹൈദരാബാദ്: തെലങ്കാനയിൽ സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ആന്ധ്രാപ്രദേശ് സ്വദേശിയാണ് പിടിയിലായത്. 275 ഗ്രാം സ്വർണാഭരണങ്ങളെ കൂടാതെ 20 ലക്ഷം രൂപയും പ്രതിയിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. സംശയാസ്പദമായി കണ്ടതിനെ തുടർന്ന് പ്രതിയെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. തുടർന്ന് വസ്ത്രങ്ങൾക്കടിയിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെടുത്തത്.
സ്വർണാഭരണങ്ങൾ വാങ്ങാനുള്ള പണമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇത് കൂടുതൽ സംശയങ്ങളിലേക്ക് വഴിവക്കുകയായിരുന്നു. പിടിച്ചെടുത്ത പണവും സ്വർണവും കൂടുതൽ പരിശോധനയ്‌ക്കായി ആദായനികുതി വകുപ്പിന് കൈമാറി.
മുംബൈ വിമാനത്താവളത്തിൽ 6.46 കോടി രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച പ്രതിയെ കസ്റ്റംസ് പിടികൂടി ദിവസങ്ങൾക്ക് ശേഷമാണിത്. ന്യൂഡിൽസ് പാക്കറ്റിനുള്ളിലാക്കിയാണ് പ്രതി സ്വർണം കടത്താൻ ശ്രമിച്ചത്. മുംബൈയിൽ നിന്ന് ബാങ്കോക്കിലേക്ക് പോവുകയായിരുന്ന പ്രതിയെ പരിശോധിച്ചപ്പോഴാണ് ന്യൂഡിൽസ് പാക്കറ്റിനുള്ളിൽ നിന്ന് സ്വർണം കണ്ടെടുത്തത്.















