എറണാകുളം: കൊച്ചി പനമ്പള്ളി നഗറിൽ നടുറോഡിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. നഗരത്തിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഒരു ദിവസം പ്രായമായ ആൺകുഞ്ഞിന്റേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സമീപത്തുള്ള ഫ്‌ളാറ്റിൽ നിന്നാണ് കുഞ്ഞിനെ കവറിലാക്കി വലിച്ചെറിഞ്ഞതെന്ന് കണ്ടെത്തി. പൊലീസ് ഫ്ലാറ്റിൽ പരിശോധന നടത്തുകയാണ്.
മൃതദേഹം കണ്ടെത്തിയ റോഡിന് സമീപം ഏഴ് നില ഫ്‌ളാറ്റാണുള്ളത്. ഇതിൽ മൂന്നെണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. ഏത് നിലയിൽ നിന്നാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ഇല്ല. ഗർഭിണികളാരും ഫ്ലാറ്റിൽ താമസക്കാരായില്ലെന്നാണ് അസോസിയേഷൻ ഭാരവാഹികൾ നൽകുന്ന വിവരം. പുതിയതായി ആരെങ്കിലും ഫ്ലാറ്റിലേക്ക് വന്നിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.















