ഇന്ത്യയിലെ ആപ്പിളിന്റെ കുതിപ്പിനെ പ്രശംസിച്ച് സിഇഒ ടിം കുക്ക്. മാർച്ചിൽ അവസാനിച്ച പാദത്തിൽ ഐഫോൺ നിർമ്മാണത്തിൽ വൻ മുന്നേറ്റമാണ് ഉണ്ടായത്. ആപ്പിളിന്റെ മൊത്തത്തിലുള്ള വരുമാനത്തിൽ നാല് ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഇന്ത്യയിലെ ഐഫോൺ നിർമാണത്തിൽ 10 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ഐഫോൺ നിർമാണത്തിലെ വളർച്ച ഇരട്ട അക്കത്തിലെത്തിയതിൽ സന്തോഷമുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് വൻ വളർച്ചയാണ് മാർച്ച് പാദത്തിലുണ്ടായത്. വരുമാനം റെക്കോർഡിലെത്തി. ഇന്ത്യൻ വിപണി ആപ്പിളിന്റെ ശ്രദ്ധാകേന്ദ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആറ് മാസം കൊണ്ട് ഇന്ത്യയിൽ റെക്കോർഡ് വരുമാനമാണ് ആപ്പിൾ സ്വന്തമാക്കിയതെന്ന് ആപ്പിളിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ലൂക്കാ മേസ്ട്രി പറഞ്ഞു. ആദ്യ പകുതിയിൽ തന്നെ റെക്കോർഡ് വരുമാനം നേടിയതിനാൽ തന്നെ ഇത് തുടർന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വിപണിയിലെ മുന്നേറ്റത്തിനാകും ഇത് സാക്ഷ്യം വഹിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലാറ്റിൻ അമേരിക്ക, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, തുർക്കി, ഗൾഫ് തുടങ്ങിയ രാജ്യങ്ങളും ആപ്പിളിന്റെ വളർന്നുവരുന്ന ശക്തി കേന്ദ്രങ്ങളാണ്. വിപണി വിഹിതം കുറവുള്ള രാജ്യങ്ങളാണ് ഇവ. എന്നിരുന്നാലും ഉയർന്ന ജനസംഖ്യ വിപണി വളർച്ചയ്‌ക്ക് സഹായിക്കുകയും കമ്പനിക്ക് പുരോഗതിയും നൽകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.















