മദ്യംനൽകി ലഹരിയിലാക്കിയ ശേഷം യുവതിയെ ഭർത്താവിന് കാഴ്ചവച്ച്, പീഡനത്തിനിരയാക്കിയ കേസിൽ 36-കാരിയായ ബ്യുട്ടീഷൻ അറസ്റ്റിൽ. ഇവരുടെ ഭർത്താവ് ഒളിവിലാണ്. 22-കാരിയെ ഭർത്താവ് പീഡനത്തിനിരയാക്കുന്നത് ബ്യൂട്ടീഷൻ ചിത്രീകരിക്കുകയും പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പണം തന്നില്ലെങ്കിൽ വീഡിയോ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
ഇവന്റ് മാനേജ്മെന്റ് മേഖലയിൽ ജോലി ചെയ്തിരുന്ന യുവതിയെ ബ്യൂട്ടീഷൻ മാൽവാനിയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി. പിന്നീട് മദ്യം നൽകി. ഇത് കുടിച്ചതോടെ യുവതി ബോധരഹിതയായി. ഇതിന് ശേഷമാണ് ഭർത്താവ് 22-കാരിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതെന്ന് മുംബൈ പൊലീസ് പറഞ്ഞു.
ബോധം വന്നതോടെ താൻ പീഡനത്തിനിരയായെന്ന കാര്യം യുവതി മനസിലാക്കി. വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണപ്പെടുത്തി അതിജീവിതയിൽ നിന്ന് 10,000 രൂപ പ്രതികൾ ആവശ്യപ്പെട്ടു. ഇതിന് തൊട്ടടുത്ത ദിവസമാണ് യുവതി പൊലീസിനെ സമീപിച്ചത്.