റിയോ: ബ്രസീലിന്റെ തെക്കൻ സംസ്ഥാനമായ റിയോ ഗ്രാൻഡെ ഡോ സുളിൽ തുടർച്ചയായി പെയ്ത മഴയിലും പ്രളയത്തിലുമായി 29 മരണം. 60ഓളം പേരെയാണ് കാണാതായത്. ശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ 5,257 ഓളം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രളയത്തെ പൊതു ദുരന്തം ആയി പ്രഖ്യാപിച്ച ബ്രസീൽ സർക്കാർ മരണ സംഖ്യ ഉയരാനും സാധ്യതയുള്ളതായി അറിയിച്ചു.
ശക്തമായ മഴയ്‌ക്ക് പിന്നാലെ തെക്കൻ ബ്രസീലിലെ ജലവൈദ്യുത പദ്ധതിയിലെ അണക്കെട്ടും തകർന്നതായി അധികൃതർ അറിയിച്ചു. ആറര അടി ഉയരമുള്ള ഒരു ചെറു അണക്കെട്ടാണ് മഴവെള്ളപ്പാച്ചിലിൽ തകർന്നത്. അതേസമയം പ്രളയം അതിരൂക്ഷമായ ചില മേഖലകളിൽ ഹെലികോപ്ടർ ഉപയോഗിച്ചുള്ള തെരച്ചിലും പ്രായോഗികമല്ലെന്ന് അധികൃതർ വിശദമാക്കുന്നു. പ്രളയത്തെ തുടർന്ന് ബ്രസീലിയൻ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ വ്യാഴാഴ്ച സംസ്ഥാനത്തെ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ നഗരങ്ങളിലൊന്നായ സാന്താ മരിയ സന്ദർശിച്ച് ഗവർണർ എഡ്വാർഡോ ലെയ്റ്റുമായി കൂടിക്കാഴ്ച നടത്തി.
സാധാരണയിൽ അധികം ചൂടും ഈർപ്പം നിറഞ്ഞ അന്തരീക്ഷവും ശക്തമായ കാറ്റുമാണ് രൂക്ഷമായ മഴയിലേക്ക് ബ്രസീലിനെ എത്തിച്ചതെന്നാണ് കാലാവസ്ഥാ വിദഗ്ധർ വിശദമാക്കുന്നത്. അതേസമയം വരും ദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ വിദഗ്ധർ നൽകുന്നു.