മുംബൈ: ലാൻഡിംഗിനിടെ ഹെലികോപ്റ്റർ തകർന്നുവീണു. മഹാരാഷ്‌ട്ര റായ്ഗഡ് ജില്ലയിലെ മഹദ് മേഖലയിലാണ് അപകടം നടന്നത്. രാവിലെയായിരുന്നു സംഭവം. ലാൻഡ് ചെയ്യുന്നതിനിടെ ഹെലികോപ്റ്ററിന്റെ നിയന്ത്രണം വിട്ടതാണ് അപകട കാരണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശിവസേന നേതാവ് സുഷമ അന്ധാരെയെ കൊണ്ടുപോകാൻ വന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
സംഭവസമയത്ത് രണ്ട് പൈലറ്റുമാരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ലാൻഡ് ചെയ്യാൻ തുടങ്ങുന്നതിനിടെ ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡുകൾക്ക് കേടുപാടുകൾ സംഭവിച്ചതാണ് അപകട കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്ത് റെസ്ക്യൂ ടീമും പൊലീസും പരിശോധന നടത്തുന്നുണ്ട്.















