ചിന്തിക്കാനുള്ള ശേഷിയാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ ചില സമയങ്ങളിൽ മൃഗങ്ങൾക്ക് മുമ്പിൽ മനുഷ്യന്റെ ചിന്താശേഷി ഒന്നുമല്ലാതെ പോകുന്ന കാഴ്ചകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഓരോ നിമിഷവും വൈറലാവുന്നത്. മനുഷ്യരെ പോലെ അനുകരിക്കാനും ചില സമയങ്ങളിൽ നമ്മെ പോലെ ചിന്തിക്കാനും ശേഷിയുള്ള മൃഗങ്ങളാണ് കുരങ്ങുകൾ. ഇവയുടെ ബുദ്ധി സാമർത്ഥ്യം പലപ്പോഴും സമൂഹമാദ്ധ്യങ്ങളിലൂടെയോ നേരിട്ടോ നാം കണ്ടിട്ടുണ്ടാവും. അത്തരത്തിൽ വൈറലായ ഒരു ഒറാങ്ങുട്ടാനാണ് ഇപ്പോൾ വീണ്ടും നമ്മുടെ ശ്രദ്ധയാകർഷിക്കുന്നത്.
മുറിവുകളോ ചതവുകളോ സംഭവിച്ച ഭാഗങ്ങളിൽ ശുശ്രൂഷ നടത്തി മരുന്നുകൾ തേച്ച് ചികിത്സിക്കാനുള്ള കഴിവ് പൊതുവെ മനുഷ്യരിൽ മാത്രമാണ് കണ്ടു വരുന്നത്. എന്നാൽ ആവശ്യഘട്ടങ്ങളിൽ മൃഗങ്ങളും ഇത്തരത്തിൽ ചെയ്‌തേക്കാമെന്ന് ശാസ്ത്രലോകം പറയുന്നു. ഇന്തോനേഷ്യയിലെ ഗുനുങ് ല്യൂസർ നാഷണൽ പാർക്കിലെ റാക്കസ് എന്ന് പേരുള്ള ഒറാങ്ങുട്ടാനാണ് ഇത്തരത്തിൽ സ്വയം ചികിത്സ പരീക്ഷിച്ചത്.
റാക്കസിന്റെ മുഖത്ത് എങ്ങനെയോ സംഭവിച്ച മുറിവ് മൃഗ ഡോക്ടർമാറുടെ സഹായമില്ലാതെ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുമോയെന്ന ശ്രമത്തിലാണ് ആശാൻ. ഇതിനായി അകർ കുനിങ് എന്ന കയറ്റ ഔഷധ ചെടി ആദ്യമൊന്ന് മണത്ത് നോക്കിയ ശേഷം ചെടിയുടെ ഇലകൾ വായിലിട്ട് ചവച്ചരച്ച് മുറിവ് സംഭവിച്ച ഭാഗത്ത് നീര് പുരട്ടുന്നു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ റാക്കസ് ഇത്തരത്തിൽ മരുന്ന് പുരട്ടുന്നില്ലെന്നതും ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി.
വേദനകൾ കുറയ്‌ക്കുന്നതിനും ഛർദ്ദി, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ശമിപ്പിക്കുന്നതിനും പരമ്പരാഗതമായി ഇന്തോനേഷ്യയിൽ ഉപയോഗിക്കുന്ന ഔഷധ സസ്യത്തിന്റെ ഇലകളായിരുന്നു ഒറാങ്ങുട്ടാൻ തന്റെ മുറിവ് ഭേദപ്പെടുത്താൻ ഉപയോഗിച്ചത്. 2022ൽ ഗുനുങ് നാഷണൽ പാർക്കിൽ നടന്ന സംഭവമാണിത്. എന്നാൽ ഒറാങ്ങുട്ടാന്റെ ഈ പ്രവൃത്തിയെ അടിസ്ഥാനമാക്കി നടന്ന പഠനങ്ങളിൽ മൃഗങ്ങൾക്കും ഓരോ സാഹചര്യങ്ങൾക്കനുസരിച്ച് ചിന്തിക്കാനുള്ള കഴിവുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തുകയായിരുന്നു.