പത്തനംതിട്ട: ഛർദ്ദിയും വയറിളക്കവും മൂലം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചത് ഷിഗെല്ല ബാധയെ തുടർന്നാണെന്ന് സംശയം. കടമ്പനാട് ഗണേശ വിലാസം അവന്തിക നിവാസിൽ മനോജിന്റെയും ചിത്രയുടെയും മകൾ അവന്തിക ( 9 ) ആണ് മരിച്ചത്.
ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഏപ്രിൽ 30നാണ് അവന്തികയെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. സ്ഥിതി വഷളായതോടെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെയെത്തി അൽപ്പസമയത്തിനുള്ളിൽ തന്നെ കുട്ടി മരിച്ചു.
കുട്ടിയുടെ വീടിനു സമീപത്തെ വീടുകളിലുള്ളവർക്ക് രോഗ ലക്ഷണമുണ്ടെന്ന് സംശയിക്കുന്നു. അങ്ങാടിക്കൽ അറന്തക്കുളങ്ങര ഗവ.എൽ.പി.സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു അവന്തിക.
ഷിഗെല്ല രോഗം പ്രധാനമായും മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് കരുന്നത്. പെട്ടെന്ന് പടര്‍ന്നുപിടിക്കുന്ന ഈ രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്. ഗുരുതരമാകുമ്പോള്‍ ഇത് രക്തത്തോട് കൂടിയ വയറിളക്കമാക്കമായി മാറും. തിരിച്ചറിയാന്‍ വൈകുന്നതാണ് ഷിഗെല്ല ഗുരുതരമാകാന്‍ ഇടയാക്കുന്നത്. മലപരിശോധനയിലൂടെ രോഗനിര്‍ണയം നടത്താം.















