ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകണമെന്ന ആവശ്യം മെയ് ഏഴിന് പരിഗണിക്കാമെന്ന് അറിയിച്ച് സുപ്രീംകോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്നയും ദിപാങ്കർ ദത്തയുമടങ്ങുന്ന ബെഞ്ചാണ് ഹർജിയിൽ വാദം കേട്ടത്. ഇഡിയുടെ അറസ്റ്റിനെയും റിമാൻഡ് നടപടിയെയും ചോദ്യം ചെയ്ത് കെജ്‌രിവാൾ സമർപ്പിച്ച ഹർജി മെയ് ഏഴിന് വീണ്ടും പരിഗണിക്കാമെന്നും ബെഞ്ച് അറിയിച്ചു.
കഴിഞ്ഞ ഏപ്രിൽ 9ന് ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി കെജ്‌രിവാളിന്റെ അറസ്റ്റ് നിയമവിരുദ്ധമല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് ഡൽഹി മുഖ്യമന്ത്രി സുപ്രീംകോടതിയെ സമീപിച്ചത്. ഡൽഹിയിലെ മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട് മാർച്ച് 21നായിരുന്നു കെജ്‌രിവാളിന്റെ അറസ്റ്റ്. അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആംആദ്മിയുടെ ഉന്നതരിൽ മൂന്നാമത്തെയാളാണ് കെജ്‌രിവാൾ. ആദ്യം മനീഷ് സിസോദിയയും സഞ്ജയ് സിംഗും അറസ്റ്റിലായിരുന്നു. രാജ്യസഭാ എംപിയായ സഞ്ജയ് സിംഗ് പിന്നീട് ജാമ്യത്തിലിറങ്ങി. നിലവിൽ ലോക്സഭാ വോട്ടെടുപ്പ് ചൂണ്ടിക്കാട്ട് ജാമ്യം തേടിയിരിക്കുകയാണ് കെജ്‌രിവാൾ.















