അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രരമോദി 14-ന് നാമനിർദേശ പത്രിക സമർപ്പിക്കും. വാരാണസിയിൽ നിന്നാണ് പ്രധാനമന്ത്രി ജനവിധി തേടുന്നത്. 13-ന് മണ്ഡലത്തിൽ റോഡ് ഷോ നടത്തും. ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി വാരാണസിയിൽ നിന്നും മത്സരിക്കുന്നത്. 2014-ലാണ് അദ്ദേഹം ആദ്യമായി വാരാണസിയെ പ്രതിനിധീകരിക്കുന്നത്. നാമനിർദേശ പത്രികാ സമർപ്പണത്തിന് മുന്നോടിയായി 5ന് അദ്ദേഹം അയോദ്ധ്യ സന്ദർശിക്കും. പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം പ്രധാനമന്ത്രി ആദ്യമായാണ് അയോദ്ധ്യ സന്ദർശിക്കാൻ ഒരുങ്ങുന്നത്.
2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാളിനെതിരെ 3,71,784 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ജയം. 2019-ൽ എസ്പിയുടെ ശാലിനി യാദവിനും കോൺഗ്രസിന്റെ അജയ് റായിക്കുമെതിരെ 4,79,505 വോട്ടിന്റെ ഭൂരിപക്ഷവും പ്രധാനമന്ത്രി നേടി. മൂന്നാംതവണയും ജനവിധി തേടുമ്പോൾ ഭൂരിപക്ഷം ഇരട്ടിയായി ഉയർത്താനാവുമെന്ന പ്രതീക്ഷയാണ് എൻഡിഎക്കുള്ളത്.
കഴിഞ്ഞയാഴ്ചയാണ് പ്രാധനമന്ത്രിയുടെ തെരഞ്ഞെടുപ്പ് ഓഫീസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തത്. 400 സീറ്റുകൾ നേടി അധികാരത്തിലേറാനുള്ള എൻഡിഎയുടെ ലക്ഷ്യം നിറവേറ്റാനായി എല്ലാ പ്രവർത്തകരും ഒരുമിച്ച് നിന്ന് പ്രവർത്തിക്കണം. കേന്ദ്രസർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ എല്ലാവരിലേക്കും എത്തിക്കണമെന്നും വികസിത ഭാരതമെന്ന ആശയത്തെ ഏറ്റെടുക്കണമെന്നും ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു. ജൂൺ 1-നാണ് വരാണസിയിൽ പോളിംഗ്.