കറാച്ചി: പാകിസ്താനിലെ ബലൂചിസ്ഥാനിൽ നടന്ന ബോംബ് സ്ഫോടനത്തിൽ മാദ്ധ്യമപ്രവർത്തകൻ അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റതായാണ് വിവരം. മുതിർന്ന മാദ്ധ്യമപ്രവർത്തകനായ മുഹമ്മദ് സിദ്ദിഖ് മെംഗാലാണ് കൊല്ലപ്പെട്ടത്. ഖുസ്ദാർ പ്രസ് ക്ലബ്ബിന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം.
റിമോട്ട്-കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം, ഖുസ്ദാർ ടൗണിന് സമീപമുള്ള സുൽത്താൻ ഇബ്രാഹീം ഹൈവേയിൽ വച്ച് സിദ്ദിഖ് സഞ്ചരിച്ചിരുന്ന വാഹനം പൊട്ടിത്തെറിച്ചു. ബോംബ് സ്ഥാപിച്ചതിന് സമീപം വാഹനം എത്തിയപ്പോൾ റിമോട്ട് കൺട്രോളർ ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്യുകയായിരുന്നു. സിദ്ദിഖ് കൂടാതെ റോഡിലുണ്ടായിരുന്ന മറ്റ് രണ്ട് യാത്രക്കാരും സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആക്രമണത്തെ അപലപിച്ച ബലൂചിസ്ഥാൻ മുഖ്യമന്ത്രി മിർ സർഫറസ് ബുഗ്തി, കുറ്റവാളികളെ കണ്ടെത്താൻ ഐജിക്ക് നിർദേശം നൽകി. കഴിഞ്ഞ ഏതാനും വർഷങ്ങളായി ബലൂചിസ്ഥാനിൽ നിരവധി ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.