തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനുമായുണ്ടായ തർക്കത്തിൽ നിയമനടപടിക്കൊരുങ്ങി കെഎസ്ആർടിസി ഡ്രൈവർ യദു. ആര്യാ രാജേന്ദ്രൻ, സച്ചിൻദേവ് എംഎൽഎ, കാറിലുണ്ടായിരുന്ന മറ്റുള്ളർ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നാണ് യദുവിന്റെ ആവശ്യം. കേസെടുക്കാൻ ആവശ്യപ്പെട്ട് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ യദു നാളെ ഹർജി ഫയൽ ചെയ്യും.
അതേസമയം യദുവിന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. ഇദ്ദേഹത്തിന്റെ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തി രണ്ട് ദിവസത്തിനകം ഡിസിപിക്ക് റിപ്പോർട്ടും കൈമാറും. കേസിലെ നിർണായകമായ തെളിവുകളുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിനെ കുറിച്ച് യാതൊരു വിവരവും ഇതുവരെയും ലഭിച്ചിട്ടില്ല.
യദുവിന്റെ പരാതിയിന്മേൽ മനുഷ്യാവകാശ കമ്മിഷനും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തി അപമാനിച്ച മേയറിനും ഭർത്താവിനുമെതിരെയും പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റോൺമെന്റ് എസ്എച്ച്ഒയ്‌ക്കെതിരെയും നടപടി എടുക്കണമെന്നായിരുന്നു ആവശ്യം.