കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതി. വൈദ്യുതി നിലച്ചതിനെ തുടർന്ന് ഒരു സംഘം ആളുകൾ കെഎസ്ഇബി സെക്ഷൻ ഓഫീസിലെത്തി നാശനഷ്ടം വരുത്തിയെന്നാണ് ആരോപണം. സംഭവത്തെ തുടർന്ന് ജീവനക്കാർ പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അസഹനീയമായ ചൂടിനിടെ വൈദ്യുതി നിലച്ചതാണ് കാരണമായി പറയുന്നത്. ഇതിനുപിന്നാലെ ഒരു കൂട്ടം ആളുകൾ സംഘടിച്ചെത്തി സെക്ഷൻ ഓഫീസ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഓഫീസിന്റെ ബോർഡിന് കേടുപാടുകൾ സംഭവിച്ചു. ഈ സമയം ഒരു ഓവർസിയർ മാത്രമാണ് ഓഫീസിൽ ഉണ്ടായിരുന്നത്. ജീവനക്കാരുടെ അനാസ്ഥ കാരണമാണ് ഈ പ്രദേശത്തെ വൈദ്യുതി പോകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാൽ വൈദ്യുതി നിലയ്‌ക്കുന്നതിൽ തങ്ങൾക്ക് നേരിട്ട് പങ്കില്ലെന്നാണ് ജീവനക്കാർ പറയുന്നത്.
അമിതമായ ഉപഭോഗമുണ്ടായാൽ വൈദ്യുതി വൈദ്യുതി തടസപ്പെടുമെന്നും, അതിനാൽ 8 ട്രാൻസ്ഫോമറുകൾ ഓഫാക്കണമെന്ന് കൺട്രോൾ റൂമിൽ നിന്നും കൃത്യമായ നിർദേശമുണ്ടായിരുന്നുവെന്നും ഇവർ പറയുന്നു. മുകളിൽ നിന്നുള്ള ഉത്തരവ് തങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തത്. എന്നാൽ ഇത് തെറ്റിദ്ധരിച്ച് ഒരു സംഘം ആളുകൾ വൈദ്യുതി നിലച്ചതിൽ തങ്ങളെ പഴിചാരുകയും ഓഫീസ് ആക്രമിക്കുകയുമായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.















