പത്തനംതിട്ട: റാന്നിയിൽ ബാർ പരിസരത്തുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുപറിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പരുത്തികാവ് സ്വദേശികളായ വിഷ്ണു, ജേക്കബ് എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ പരിക്കേറ്റ മുക്കാലുമൺ സ്വദേശി വിശാഖിനെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റാന്നി ഗേറ്റ് വേ ഹോട്ടലിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. പ്രതികൾ ഇരുവർക്കും വിശാഖിനെ മുൻപരിചയമുണ്ട്. പൂർവ വൈരാഗ്യമാണ് ആക്രമണത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു. വിഷ്ണുവും ജേക്കബും ചേർന്ന് വിശാഖിനെ മർദിക്കുകയും ഭിത്തിയോട് ചേർത്ത് നിർത്തി മൂക്ക് പൊത്തിപ്പിടിച്ച് ചുണ്ടുകൾ കടിച്ച് പറിക്കുകയും ചെയ്തുവെന്നാണ് പരാതി.
ആക്രമണത്തിൽ ചുണ്ടിലെ മാംസം അടർന്നുപോയ വിശാഖിനെ ആദ്യം സമീപത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലാസ്റ്റിക് സർജറി ചെയ്യുന്നതിനായി പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. വിശാഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ കസ്റ്റഡിയിലെടുത്തു.