കാൺപൂർ: വലിയൊരു വിഭാഗം മാതാപിതാക്കളും മകളുടെ വിവാഹ മോചനത്തിൽപരം അപമാനം വേറൊന്നുമില്ല എന്ന് ചിന്തിക്കുന്നവരാണ്. എന്നാൽ അവരിൽ നിന്നും വ്യത്യസ്തനായി മാറിയിരിക്കുകയാണ് കാൺപൂർ സ്വദേശിയായ അനിൽ കുമാർ. തന്റെ മകളുടെ വിവാഹ മോചനം ഒരു ആഘോഷമാക്കി മാറ്റിയിരിക്കുകയാണിയാൾ. വിവാഹ ബന്ധം വേർപെടുത്തിയ മകളെ അനിൽകുമാർ ബാൻഡും പാട്ടും മേളവുമൊക്കെയായി വീട്ടിലേക്ക് കൂട്ടികൊണ്ടുവരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
ഡൽഹിയിലെ പാലം വിമാനത്താവളത്തിലെ എഞ്ചിനീയർ ആയ അനിൽ കുമാറിന്റെ മകൾ ഉർവി (36) 2016 ൽ ആണ് ഒരു കമ്പ്യൂട്ടർ എഞ്ചിനീയറെ വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം ഡൽഹിയിൽ താമസമാക്കിയ ഇവർക്ക് ഒരു മകളും ജനിച്ചു. എന്നാൽ സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ ഉർവിയെ നിരന്തരം ഉപദ്രവിച്ചിരുന്നു. 8 വർഷത്തോളം സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളും മർദ്ദനവും ഏൽക്കേണ്ടിവന്ന ഉർവി ഫെബ്രുവരി 28 നു വിവാഹ മോചനം നേടുകയായിരുന്നു.
മകളുടെ വീട്ടിലേക്കുള്ള തിരിച്ചു വരവ് ആഘോഷമാക്കാൻ പിതാവ് പാട്ടും ഡാൻസും ബാൻഡ്മേളവുമൊക്കെ ഒരുക്കി. “അവളെ ഞങ്ങൾ എങ്ങനെയാണോ പറഞ്ഞയച്ചത് അതുപോലെ തന്നെ തിരികെ സ്വീകരിച്ചു” അനിൽ കുമാർ പറഞ്ഞു. തന്റെ മകൾക്ക് പുതിയൊരു ജീവിതം ലഭിക്കുമെന്നും വിവാഹമോചനം ഒന്നിന്റെയും അവസാനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാട്ടും ഡാൻസുമൊക്കെ കണ്ട അയൽവാസികൾ ഒരുവേള ഇത് ഉർവിയുടെ രണ്ടാം വിവാഹം ആകുമെന്ന് തെറ്റിദ്ധരിച്ചെങ്കിലും കാര്യമറിഞ്ഞ ഇവരും അനിൽകുമാറിന്റെ സന്തോഷത്തിൽ പങ്കു ചേർന്നു.















