ന്യൂഡൽഹി: കോൺഗ്രസ് സംഘടനാ തലത്തിലെ അതൃപ്തിക്ക് പിന്നാലെ രാജി വച്ച ഡൽഹി മുൻ പിസിസി അദ്ധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലി ബിജെപിയിൽ. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ ഡൽഹി ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്‌ദേവ എന്നിവരുടെ സാന്നിധ്യത്തിലാണ് ലൗലി ബിജെപിയിൽ ചേർന്നത്. ലൗലിക്കൊപ്പം മുൻ കോൺഗ്രസ് എംഎൽഎമാരായ രാജ് കുമാർ ചൗഹാൻ, നസീബ് സിംഗ്, നീരജ് ബസോയ, മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അമിത് മല്ലിക് എന്നിവരും ബിജെപിയിൽ ചേർന്നു.
ആം ആദ്മി പാർട്ടിയുമായുള്ള കോൺഗ്രസിന്റെ സഖ്യത്തെ ഡൽഹി നേതൃത്വം എതിർത്തിരുന്നു. ഈ എതിർപ്പുകൾ മറികടന്ന് ഡൽഹിയിൽ ആം ആദ്മിയുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് ശ്രമിച്ചതോടെയാണ് കോൺഗ്രസ് വിട്ടതെന്ന് അരവിന്ദർ സിംഗ് ലൗലി പറഞ്ഞു.
” ഡൽഹിയിലെ ജനങ്ങളെ സേവിക്കാൻ വീണ്ടും ഒരു അവസരം കൂടി ലഭിച്ചിരിക്കുന്നു. ഇന്ന് ഞങ്ങൾ 5 പേർ ബിജെപിയിൽ ചേർന്നു. ഡൽഹി സംരക്ഷിക്കുന്നതിനായി ബിജെപിക്കൊപ്പം ചേർന്ന് ഞങ്ങൾ ഇനിയും പ്രവർത്തിക്കും. കോൺഗ്രസ് വിടാനുള്ള കാരണം എന്താണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. എന്നെ പോലെ ബാക്കി 4 പേരും കോൺഗ്രസ് വിട്ടിരിക്കുന്നു. എന്നാൽ വീട്ടിൽ ഒതുങ്ങി കൂടാൻ ഞങ്ങൾ താത്പര്യപ്പെടുന്നില്ല. ഇനിയും ഡൽഹിയെ സേവിക്കും”.- അരവിന്ദ് സിംഗ് ലൗലി പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ആം ആദ്മിയുമായുള്ള കോൺഗ്രസിന്റെ സഖ്യം ചേരലിൽ പ്രതിഷേധിച്ച് പാർട്ടി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് അരവിന്ദ് സിംഗ് ലൗലി രാജിക്കത്ത് നൽകിയത്. കെജ്‌രിവാളിന്റെ അറസ്റ്റിൽ കോൺഗ്രസ് പ്രതിഷേധിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങളിലും എഐസിസി ജനറൽ സെക്രട്ടറിയും പാർട്ടിയുടെ ഇൻ ചാർജ്ജുമായ ദീപക് ബബാരിയയുടെ അനാവശ്യ ഇടപെടലും രാജിയിലേക്ക് നയിച്ചതായാണ് കത്തിൽ പറയുന്നത്.