ഐഎസ്എൽ പത്താം സീസണിൽ രണ്ടാം കിരീടം ഉയർത്തി മുംബൈ സിറ്റി. കാെൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്സിനെ വീഴത്തിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് എണ്ണം പറഞ്ഞ മൂന്നെണ്ണം തിരിച്ചടിച്ച് ബഗാനെ വീഴ്‌ത്തിയത്. അക്ഷരാർത്ഥത്തിൽ 2020-21 സീസണിന്റെ ആവർത്തനമായിരുന്നു ഇത്തവണത്തെ കലാശ പോര്.
കശാലപോരിൽ ആദ്യം വലകുലുക്കിയ ബഗാന്റെ ജേസൻ കമ്മിൻസായിരുന്നു. ഈ വിജയാഘോഷത്തിന് 53 മിനിട്ട് വരെയേ ആയുസ് ഉണ്ടായിരുന്നുള്ളൂ.മുൻ ബ്ലാസ്റ്റേഴ്സ് താരം യോർഗെ പെരേര ഡിയാസാണ് മുംബൈക്കായി ആദ്യ വെടിപൊട്ടിച്ചത്. 81-ാം മിനിട്ടിൽ ബിപിൻ സിംഗും ഇൻജുറി ടൈമിൽ യാകുബ് യോസ്റ്റസുമാണ് മുംബൈയുടെ ഗോൾ പട്ടിക പൂർത്തിയാക്കിയത്.
ഇതേ സ്റ്റേഡിയത്തിൽ ഐഎസ്എൽ ഷീൽഡിന് വേണ്ടിയുള്ള പോരാട്ടത്തിൽ ബഗാനോട് തോറ്റതിന്റെ പകരം വീട്ടാനും മുംബൈക്ക് കഴിഞ്ഞു. സമനില ഗോളിനായി പല ഘട്ടത്തിലും ബഗാൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഒന്നും ഗോളിലേക്ക് എത്തിയില്ല.