ന്യൂഡൽഹി : മ്യാൻമറിൽ നിന്ന് ഇന്ത്യയിലേയ്‌ക്ക് റോഹിംഗ്യകൾ എത്തിക്കുന്ന സംഘം പിടിയിൽ . മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തിൽ നിന്നുള്ള ഏജൻ്റ് നൂർ ആലം എന്ന നൂറുൽ, അർക്ക റോയ് എന്ന അബ്ദുൾ ഗഫാർ എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 22 ന് 30 വയസ്സുള്ള പുരുഷനെയും 23 കാരിയായ സ്ത്രീയെയും റഷ്യയിലേയ്‌ക്ക് കടത്തിയ ശേഷമാണ് ഇവർ പിടിയിലായത് .
ബംഗ്ലാദേശ്, ത്രിപുര, പശ്ചിമ ബംഗാൾ വഴിയാണ് ഇവർ റോഹിംഗ്യകളെ എത്തിച്ചിരുന്നത് .ഇത്തരത്തിൽ കടത്തുന്ന റോഹിംഗ്യകൾക്കും ബംഗ്ലാദേശികൾക്കും വേണ്ടി വ്യാജ ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കിയ സംഘം വ്യാജ പേപ്പറുകൾ ഉപയോഗിച്ച് കൊൽക്കത്തയിൽ നിന്ന് ഇന്ത്യൻ പാസ്‌പോർട്ടുകളും സംഘടിപ്പിച്ചു. ചിലരെ ഡൽഹി ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്കയച്ചപ്പോൾ മറ്റ് ചിലരെ വിദേശരാജ്യങ്ങളിലേക്കയച്ചു.
സംഘം റഷ്യയിലേയ്‌ക്ക് അയച്ച പുരുഷന്റെ കൈവശം ഷുവോജിത് ദാസിന്റെ പേരിലുള്ള പാസ്‌പോർട്ടും യുവതിയുടെ കൈവശം ബബിത എന്ന പേരിലുള്ള രേഖകളുമാണ് ഉണ്ടായിരുന്നത് . എന്നാൽ ഇവരുടെ യഥാർത്ഥ പേരുകൾ തോഹ, റാബിയ എന്നാണെന്നും മ്യാൻമർ പൗരന്മാരാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.
കൊൽക്കത്തയിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ നിന്നാണ് പാസ്‌പോർട്ടുകൾ നൽകിയത് . ഇരുവരും ഫെബ്രുവരി 20 ന് ഡൽഹി വിമാനത്താവളത്തിൽ നിന്ന് റഷ്യയിലേക്ക് പോയിരുന്നു. ഓരോ വ്യക്തിക്കും 10 ലക്ഷം ബംഗ്ലാദേശ് ടാക്ക എന്ന പാക്കേജ് ആണ് സംഘം വാഗ്ദാനം ചെയ്തതെന്ന് ഡൽഹി പോലീസ് പറഞ്ഞു.
തന്റെ കുടുംബത്തിലെ ആഭരണങ്ങളെല്ലാം വിറ്റ് ആലമിന് പണം നൽകിയതായി റഷ്യയിലേയ്‌ക്ക് പോയ യുവാവ് പറഞ്ഞു. “അഗർത്തല അതിർത്തിയിലൂടെ ഇന്ത്യയിലേക്കുള്ള അനധികൃത പ്രവേശനത്തിന് ഏജൻ്റ് സൗകര്യമൊരുക്കി. അതിനുശേഷം, ആലമും കൂട്ടാളികളും ആധാറും പാൻ കാർഡുകളും നൽകുന്നതിന് മുമ്പ് ദിവസങ്ങളോളം ബംഗാളിലെ സീൽദാ, ബരാസത്ത്, ഹൃദയപൂർ എന്നിവ സന്ദർശിച്ചു, പിന്നീടാണ് പാസ്‌പോർട്ടുകൾ ഇവർക്ക് ലഭിച്ചത് ,” ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഉഷാ രംഗ്‌നാനി പറഞ്ഞു.















