കൊല്ലം: തന്നെ വലിച്ച് താഴെയിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്. താൻ കൊല്ലംകാരനാണെന്നും അങ്ങനെ വീഴുമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണ പരാതിയുടെ പശ്ചാത്തലത്തിലായിരുന്നു പരാമർശം.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കളിക്കുന്നത് വില കുറഞ്ഞ രാഷ്‌ട്രീയമാണെന്നും അദ്ദേഹം തുറന്നടിച്ചു. സന്ദേശ്ഖാലിയിൽ ഉൾപ്പടെ താൻ നടത്തിയ ഇടപെടലുകളുടെ പ്രതികാരമാണിതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം പന്മന ആശ്രമത്തിൽ ചട്ടമ്പി സ്വാമി മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഭാഗമായുള്ള കുമ്പളത്ത് ശങ്കുപ്പിള്ള അനുസ്മരണ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സന്ദേശ്ഖാലി ഭരിക്കുന്നത് ഗുണ്ടകളാണെന്ന് അവിടെയുള്ളവർ തന്നെ പറയുന്നുണ്ട്. സന്ധ്യ മയങ്ങുന്നതോടെ സന്ദേശ്ഖാലിയിലെ വീടുകളിലേക്ക് ഗുണ്ടകളെത്തുമെന്നും പ്രായപൂർത്തിയായ പെൺകുട്ടിയെ പാർട്ടി ഓഫീസിലേക്ക് അയക്കാൻ ആവശ്യപ്പെടുമെന്ന് സന്ദേശ്ഖാലിയിലെ സ്ത്രീകൾ തന്നെയാണ് തന്നോട് വെളിപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. എതിർക്കുന്നവരെ മർദ്ദിക്കുന്നതാണ് പതിവ്. ഇത്തരത്തിൽ പിടിച്ചുകൊണ്ടുപോകുന്ന പെൺകുട്ടികളെ മൂന്നിലേറെ ദിവസത്തിന് ശേഷമാണ് പറഞ്ഞയക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സന്ദേശ്ഖാലിയിലെ ക്രൂരതകൾ പുറംലോകത്തെ അറിയിച്ചതിന് പിന്നാലെ രാഷ്‌ട്രീയ കരുക്കൾ നീക്കുകയാണ് ടിഎംസിയെന്നും ഗവർണർ ആരോപിച്ചു. അവിടേയ്‌ക്ക് പോകുന്നതിന് തന്നെ മുഖ്യമന്ത്രി വിലക്കിയെന്നും ആനന്ദ ബോസ് പറഞ്ഞു. സുരക്ഷയൊരുക്കാൻ സാധിക്കില്ലെന്നായിരുന്നു ന്യായീകരണം. അവിടെ എത്തിയ പത്ര പ്രവർത്തകരെ പൊലീസ് തടഞ്ഞു. എന്നാൽ എതിർപ്പുകളെ വകവയ്‌ക്കാതെ മാദ്ധ്യമ പ്രവർത്തകരെ സന്ദേശ്ഖാലിയിൽ എത്തിക്കുകയായിരുന്നുവെന്നും ഗവർണർ കൂട്ടിച്ചേർത്തു. ഗവർണർക്കെതിരെ വ്യാജ പരാതി കെട്ടിച്ചമച്ചതിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.















