ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മൽ കസബ് തീവ്രവാദിയല്ലെന്നും നിഷ്‌കളങ്കനാണെന്നും കോൺഗ്രസ് നേതാവ്. മഹാരാഷ്‌ട്ര കോൺഗ്രസ് നേതാവ് വിജയ് നാംദേവ്‌റാവു വഡേത്തിവാറാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. മുംബൈ നോർത്ത് സെൻട്രലിലെ ബിജെപി സ്ഥാനാർത്ഥി ഉജ്ജ്വൽ നികത്തിനെതിരെ നടത്തിയ പരാമർശങ്ങൾക്കിടെയാണ് കോൺഗ്രസ് നേതാവിന്റെ വിവാദ പ്രസ്താവന. കസബിനെ വധശിക്ഷയ്‌ക്ക് വിധിച്ച മുംബൈ ഭീകരാക്രമണ കേസിന്റെ വിചാരണയിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നു ഉജ്ജ്വൽ നികം.
യുപിഎ സർക്കാരിന്റെ കാലത്ത് കസബിനു ജയിൽ ബിരിയാണി നൽകിയിരുന്നുവെന്ന ഉജ്ജ്വലിന്റെ പ്രസ്താവനയാണ് കോൺഗ്രസ് നേതാവിനെ പ്രകോപിപ്പിച്ചത്. തുടർന്നാണ് ഭീകരനെ വെള്ളപൂശുന്ന പരാമർശം നടത്തി നേതാവ് വെട്ടിലായിരിക്കുന്നത്. ഇതിനെതിരെ രൂക്ഷ വിമർശനമാണ് ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കോൺഗ്രസ് വോട്ടു തേടി പാകിസ്താനിലേക്ക് പോവുകയാണോ എന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസ് പരിഹസിച്ചു.”ബിജെപി ഉജ്ജ്വലിനെ സ്ഥാനാർത്ഥിയാക്കിയത് ഭീകരനായ കസബിനെ അപമാനിക്കുന്നതിനാണെന്നാണ് കോൺഗ്രസ് പറയുന്നത്. മുബൈ ഭീകരാക്രമണത്തിൽ നിരപരാധികളെ കൊന്നൊടുക്കിയ ഒരു ഭീകരനുവേണ്ടിയാണ് അവർ വേവലാതിപ്പെടുന്നത്” അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാവിന്റെ പ്രസ്താവനയ്‌ക്ക് രൂക്ഷമായ ഭാഷയിൽ തന്നെ ഉജ്ജ്വലും മറുപടി നൽകി. മുംബൈ ഭീകരാക്രമണത്തിലെ ഇരകളോടുളള അവഹേളനമാണ് ഇത് . നിരുത്തരവാദപരമായ ഇത്തരം പ്രസ്താവനകൾ വോട്ടിനുവേണ്ടി കോൺഗ്രസ് എത്രത്തോളം തരം താഴുമെന്നതിനുള്ള തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ദേശീയതയ്‌ക്ക് മുകളിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം സ്ഥാപിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു. പാകിസ്താൻ കോൺഗ്രസിനും രാഹുലിനും വേണ്ടി പ്രാർത്ഥിക്കുന്നതിൽ അതിശയിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















