ന്യൂഡൽഹി: ഇന്ത്യൻ വംശജയായ സുനിത എൽ വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം നാളെ. ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ് മിഷന്റെ പൈലറ്റായാണ് സുനിതയുടെ യാത്ര. നാളെ ഇന്ത്യൻ സമയം രാവിലെ 8.04ന് കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ലിഫ്റ്റ്ഓഫ് നടത്തും. യാത്രയിൽ ആകാംക്ഷയുണ്ടെന്നും, എന്നാൽ പുതിയ ബഹിരാകാശ പേടകത്തിൽ പോകുന്നതിനെക്കുറിച്ച് ആശങ്കകളില്ലെന്നും 59കാരിയായ സുനിത വില്യംസ് പറയുന്നു.
വീണ്ടുമൊരു ബഹിരാകാശ യാത്ര വീട്ടിലേക്ക് മടങ്ങുന്നത് പോലെയുള്ളതാണെന്നും അവർ കൂട്ടിച്ചേർത്തു. നാസയുടെ കൊമേഷ്യൽ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായിട്ടുള്ള സ്റ്റാർലൈനറിന് വേണ്ടി നടത്തുന്ന ആദ്യത്തെ ക്രൂഡ് ഫ്‌ളൈറ്റ് ആണിത്. നേവി ടെസ്റ്റ് പൈലറ്റായ സുനിത 2006ലും 2012ലുമാണ് ഇതിന് മുൻപ് രണ്ട് തവണ ബഹിരാകാശത്തേക്ക് പോയത്. നാസയിൽ നിന്നുള്ള കണക്കുകൾ പ്രകാരം ആകെ 322 ദിവസമാണ് സുനിത ബഹിരാകാശത്ത് ചെലവഴിച്ചിട്ടുള്ളത്.
50 മണിക്കൂറും 40 മിനിറ്റും ബഹിരാകാശത്ത് നടന്നുവെന്ന റെക്കോർഡും സുനിതയ്‌ക്ക് സ്വന്തമാണ്. ഏഴ് തവണയായിട്ടാണ് നേട്ടം സ്വന്തമാക്കിയത്. സുനിത വില്യംസിനൊപ്പം നാസയുടെ ബഹിരാകാശ സഞ്ചാരിയായ ബുച്ച് വിൽമോറും ദൗത്യത്തിന്റെ ഭാഗമാകും. വിവിധ പരീക്ഷണങ്ങളുടെ ഭാഗമായി ഒരാഴ്ചയോളം ഇവർ ഇന്റർനാഷണൽ സ്‌പേസ് സെന്ററിൽ ഡോക്ക് ചെയ്യും.
ബോയിംഗിന്റെ റിപ്പോർട്ടുകൾ പ്രകാരം ക്രൂ സ്പേസ് ട്രാൻസ്പോർട്ടേഷൻ-100 സ്റ്റാർലൈനർ പേടകം ഏഴ് യാത്രക്കാരെ ഉൾക്കൊള്ളാൻ പാകത്തിലാണ് നിർമിച്ചിരിക്കുന്നത്. മനുഷ്യരുമായി സ്റ്റാർലൈനർ നടത്തുന്ന ആദ്യ യാത്രയാണിത്. വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി സ്റ്റാർലൈനർ ഉപയോഗിക്കുന്നതിന്റെ ഭാഗമായിട്ടാണ് നാസയോടൊപ്പം ചേർന്ന് ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. സ്റ്റാർലൈനറിലെ യാത്രയിലൂടെ തന്റെ വരും ദിനങ്ങൾ, പറന്നു കൊണ്ട് വളരെ രസകരമായ രീതിയിൽ ദിനചര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന രീതിയിൽ ഉള്ളതാകുമെന്നും സുനിത വില്യംസ് പറയുന്നു.















