ചെന്നൈ: റോട്ട്‌വീലർ നായ്ക്കളുടെ ആക്രമണത്തിൽ 5 വയസ്സുകാരിക് ഗുരുതര പരിക്ക്. ചെന്നൈയിലെ പാർക്കിൽ ഇന്നലെ രാത്രിയാണ് സുദക്ഷ എന്ന 5 വയസ്സുകാരി നായകളുടെ ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് നായ്‌ക്കളുടെ ഉടമയെ അറസ്റ്റ് ചെയ്തു. നായ്‌ക്കളെ പരിപാലിക്കുന്ന മറ്റ് രണ്ട് പേർ കൂടി കേസിൽ പ്രതികളാണ്.
ചെന്നൈയിലെ തൗസന്റ് ലൈറ്റ്‌സ് പ്രദേശത്തെ പൊതു പാർക്കിലാണ് സംഭവം. ഉടമ നായ്‌ക്കളെ അഴിച്ചു വിടുകയായിരുന്നു. നായ്‌ക്കൾ കുട്ടിയെ ആക്രമിക്കുന്നത് കണ്ടിട്ടും ഉടമ ഇടപെട്ടില്ലെന്ന് പൊലീസ് പറയുന്നു. തുടർന്ന് രക്ഷിതാക്കൾ ഓടിയെത്തിയാണ് പെൺകുട്ടിയെ നായ്‌ക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്തുന്നത്. പാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കുട്ടിയുടെ പിതാവ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
റോട്ട്‌വീലർ നായകളുടെ ഉടമ ഇവയെ വന്ധ്യംകരിച്ചിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.പിറ്റ്‌ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ, മാസ്റ്റിഫ്‌സ് എന്നിവയുൾപ്പെടെ 23 ഇനം അക്രമകാരികളായ നായ്‌ക്കളുടെ വിൽപ്പനയും പ്രജനനവും നിരോധിക്കാൻ മാർച്ചിൽ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഈ ഇനങ്ങളെ വളർത്തുന്നവർ നായ്‌ക്കളെ വന്ധ്യംകരിച്ചിരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.















