തിരുവനന്തപുരം: മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹർജി തള്ളിയതിന് പിന്നാലെ വിമർശനവുമായി കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ വി മുരളീധരൻ. കേസ് ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമാണ് മാത്യുവിന്റെ ഹർജിയെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മതിയായ രേഖകളില്ലാതെ എന്തിനാണ് കോൺഗ്രസ് നേതാവ് കോടതിയില്‍ പോയത്. ദേശീയതല സഖ്യത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രിയ്‌ക്ക് ദോഷം വരാത്ത സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. കോൺഗ്രസ് നേതൃത്വം ഇതിന് മറുപടി പറയണം. വിജിലൻസ് കോടതി അവസാന കോടതി അല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വിദേശയാത്ര പിണറായി വിജയന്‍റെ സ്വകാര്യയാത്രയാകും. എന്നാലും 19 ദിവസത്തെ യാത്രയുടെ പണം എവിടെ നിന്നാണെന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്. യാത്രയുടെ സ്പോൺസർ ആരെന്ന് സിപിഎം പറയണം. പാർട്ടിയുടെ അനുവാദത്തോടെ ആണോ യാത്രയെന്ന് എംവി ഗോവിന്ദൻ വിശദീകരിക്കണമെന്നും വി. മുരളീധരൻ പറഞ്ഞു.