പൃഥ്വിരാജ്, ബേസിൽ ജോസഫ്, നിഖില വിമൽ, അനശ്വര രാജൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. ഒരു വിവാഹം നടത്തുന്നതിനിടെ നേരിടുന്ന കോലാഹലമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. പൃഥ്വിരാജാണ് ഫെയ്സ്ബുക്കിലൂടെ ഗാനം പങ്കുവച്ചത്.
അജു വർഗീസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കുടുംബപ്രേക്ഷകരെ ലക്ഷ്യം വെയ്‌ക്കുന്ന ഫാമിലി എന്റർടെയ്‌നറാണ് ചിത്രമെന്നാണ് മുൻപ് പുറത്തുവന്ന ടീസറിൽ നിന്നുൾപ്പെടെ ലഭിക്കുന്ന സൂചന. മെയ് 16-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’.
തമിഴ് ഹാസ്യതാരം യോഗി ബാബുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദീപു പ്രദീപാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. നീരജ് രവിയാണ് ഛായാഗ്രഹണം. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സിവി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.