ഇസ്ലാമാബാദ്: 13 വയസുകാരിയെ വിവാഹം കഴിച്ച 70 കാരനെ അറസ്റ്റ് ചെയ്തു. പാകിസ്താനിലെ ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിലെ സ്വാത്തിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അവളുടെ പിതാവ് വൃദ്ധന് വിവാഹം കഴിച്ച് നൽകുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് പെൺകുട്ടിയുടെ പിതാവിനെയും വൃദ്ധനെയും അറസ്റ്റ് ചെയ്തു. കൂടാതെ വിവാഹ ചടങ്ങിന്റെ നടത്തിപ്പുകാരനെയും സാക്ഷികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കി. പാകിസ്താനിൽ ശൈശവ വിവാഹങ്ങൾ വർധിച്ചുവരുന്നതായാണ് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാലഹരണപ്പെട്ട വിവാഹ നിയമങ്ങളാണ് പാകിസ്താൻ ഭരണകൂടം പിന്തുടരുന്നത്. 1929 മുതൽ നിലവിൽ വന്ന നിയമ പ്രകാരം ഇവിടെ പെൺകുട്ടികളുടെ വിവാഹപ്രായം 16 ഉം ആൺകുട്ടികളുടേത് 18 ഉം ആണ്. ശൈശവ വിവാഹങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിൽ പെൺകുട്ടികളുടെ വിവാഹ പ്രായം 18 ആയി ഉയർത്താൻ ശ്രമങ്ങൾ നടന്നെങ്കിലും യാഥാസ്ഥിതിക വിഭാഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു.