ബഹിരാകാശവും ബഹിരാകാശ യാത്രയുമൊക്കെ നമുക്ക് എന്നും കൗതുകവുമേകുന്നതാണ്. ബഹിരാകാശ യാത്രികർ മാത്രമാണ് വിസ്മയ ലോകത്തെ കാര്യങ്ങൾ കണ്ടും അനുഭവിച്ചും അറിഞ്ഞിട്ടുള്ളത്. അത്തരത്തിൽ ബഹിരാകാശ യാത്രയെന്ന് കേൾക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്ന പേരാണ് സുനിതാ വില്യംസ്.
ബഹിരാകാശത്ത് റെക്കോർഡുകൾ സ്ഥാപിച്ച ഇന്ത്യൻ വംശജ മൂന്നാം ബഹിരാകാശ യാത്രയ്‌ക്ക് തയ്യാറെടുക്കുകയാണ്. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത ആത്മീയത കൈവിടാതെയാണ് ഓരോ യാത്രയും നടത്തുന്നത്. ആത്മധൈര്യം പകരാൻ ഗണേശ വിഗ്രഹവുമായാണ് 58-കാരി നാളെ ബഹിരാകാശ പേടകത്തിലേക്ക് കാലെടുത്ത് വയ്‌ക്കുക.
മതവിശ്വസത്തേക്കാളും ആത്മീയതയിലാണ് തനിക്ക് വിശ്വാസമെന്ന് സുനിത പറയുന്നു. വിഘ്നങ്ങളെ അകറ്റുന്ന വിഘ്നേശ്വരനാണ് അവരുടെ സൗഭാഗ്യത്തിന് പിന്നിൽ. ഭൂമിക്ക് പുറത്തേക്കുള്ള യാത്രയിലും ഗണേശ ഭഗവാനെ കൂടെ കൂട്ടാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. ഇതിന് മുൻപുള്ള യാത്രകളിൽ ഭഗവത് ഗീതയാണ് സുനിത ഒപ്പം കൂട്ടിയത്.
2006 ഡിസംബർ ഒൻപതിനാണ് സുനിതാ വില്യംസ് ആദ്യമായി ബഹിരാകാശ യാത്ര നടത്തുന്നത്. 2007 ജൂൺ 22 വരെ അവർ അവിടെ കഴിഞ്ഞു. അന്ന് 29 മണിക്കൂറും 17 മിനിറ്റും ബഹിരാകാശത്ത് നടന്നും അവർ റെക്കോർഡിട്ടിരുന്നു. പിന്നീടൊരു നീണ്ട ഇടവേളയ്‌ക്ക് ശേഷം 2012-ൽ രണ്ടാമതും ബഹിരാകാശ നിലയത്തിലെത്തി. അന്നും അവിടെ നടന്ന് സമയം ചെലവഴിച്ചു. ഇരു ദൗത്യങ്ങളിലുമായി 50 മണിക്കൂറും 40 മിനിറ്റുമാണ് ബഹിരാകാശത്ത് സുനിത നടന്നത്. ഇതുവരെ 322 ദിവസമാണ് അവിടെ ചെലവഴിച്ചത്. മൂന്നാം ദൗത്യത്തെ കുറിച്ചോർത്ത് ഭയമില്ലെന്നും സ്വന്തം വീട്ടിലേക്ക് തിരികെ എത്തുന്ന പ്രതീതിയാണെന്നും അവർ പറയുന്നു.
ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശപേടകത്തിന്റെ ആദ്യ മനുഷ്യയാത്രയിലാണ് സുനിത ഭാഗമാകുന്നത്. അമേരിക്കൻ ബഹിരാകാശ യാത്രികനായ 65-കാരൻ ബുച്ച് ബി. വിൽമോറും സുനിതയ്‌ക്കൊപ്പമുണ്ട്. കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്ത്യൻ സമയം നാളെ രാവിലെ എട്ട് മണിക്കാകും പേടകം കുതിക്കുക.