ചെന്നൈ: കേരളത്തിന്റെ മാലിന്യ സംസ്കരണത്തെ വിമർശിച്ച് കേന്ദ്രം. മാലിന്യ സംസ്കരണ പദ്ധതികളിൽ ഗുരുതരമായ പാളിച്ചകളുണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (CPCB) റിപ്പോർട്ടിൽ പറയുന്നു. ഖരമാലിന്യ സംഭരണ കേന്ദ്രങ്ങളിൽ ആശുപത്രിമാലിന്യം കൂട്ടിയിടുന്നതും അതിർത്തി സംസ്ഥാനങ്ങളിൽ പാഴ്വസ്തുക്കൾ തള്ളുന്നതും വീഴ്ചകൾക്ക് ഉദാഹരണമായി റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തി പ്രദേശങ്ങളിലും മാലിന്യ സരംഭരണ കേന്ദ്രങ്ങളിലും പരിശോധന നടത്തിയതിന് ശേഷം ദേശീയ ഹരിത ട്രിബ്യൂണലിന് സമർപ്പിച്ച റിപ്പോർട്ടിലാണ് സിപിസിബി കേരളത്തെ കുറ്റപ്പെടുത്തിയത്. കേരളത്തിൽ നിന്നുള്ള മാലിന്യം സ്വകാര്യ കരാറുകാർ തമിഴ്നാടിന്റെ അതിർത്തി ഗ്രാമങ്ങളിൽ തട്ടുന്നെന്ന വാർത്തകളിൽ സ്വമേധയാ കേസെടുത്ത ഹരിത ട്രിബ്യൂണലിന്റെ നിർദ്ദേശമനുസരിച്ചാണ് സിപിസിബി റിപ്പോർട്ട് സമർപ്പിച്ചത്.
കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഖര മാലിന്യത്തിന്റെ 30 ശതമാനം മാത്രമാണ് സംഭരിക്കപ്പെടുന്നത്. മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് കേരള സർക്കാർ രൂപവത്കരിച്ച ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ പ്രവർത്തനങ്ങളിലും പാളിച്ചകളുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
അതിർത്തി കടന്നുള്ള മാലിന്യം നീക്കം നിരീക്ഷിക്കുന്നതിന് കേരള-തമിഴ്നാട് സംസ്ഥാനങ്ങൾ ചേർന്ന് രൂപവത്കരിച്ച ദൗത്യസംഘത്തിന്റെ പ്രവർത്തനവും തൃപ്തികരമല്ല. ഈ വിഷയങ്ങളിൽ വിശദമായ അന്വേഷണം നടത്താനും നടപടിയെടുക്കാനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് തയ്യാറകണമെന്ന് റിപ്പോർട്ടിൽ പറയുന്നു. മാലിന്യ സംസ്കരണത്തിനായി ഹരിത കർമസേനയെ ഉൾപ്പെടുത്തിയെങ്കിലും കാര്യക്ഷമമല്ലെന്ന് തെളിക്കുകയാണ് സിപിസിബി റിപ്പോർട്ട്.