മുംബൈ: റെയിൽവേയുമായി കൈകോർക്കാൻ റിലയൻസ് ജിയോ. റെയിൽവേയുടെ സുരക്ഷയ്‌ക്കും സുരക്ഷാ ആപ്ലിക്കേഷനുകൾക്കും ദുരന്ത നിവാരണ അനുബന്ധ സേവനങ്ങൾക്കുമായി പൊതു 4G/5G നെറ്റ്‌വർക്ക് നിർമ്മിക്കാനാണ് ജിയോ പദ്ധതിയിടുന്നത്. റെയിൽവേയുടെ 700 MHz ബാൻഡ് ഉപയോഗിച്ചാകും സംവിധാനമൊരുക്കുക. ഇത് സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യക്ക് (ട്രായ്) റിപ്പോർട്ട് സമർപ്പിച്ചു.
ഏതെങ്കിലും തരത്തിലുള്ള ദുരന്ത മുന്നറിയിപ്പ് നൽകാൻ റെയിൽവേയെ സഹായിക്കാൻ ഇതിന് സാധിക്കും. ബാൻഡിലെ സ്പെക്ട്രം റെയിൽവേയിൽ മാത്രം ഇവ പരിമിതപ്പെടുത്തരുതെന്നും റെയിൽവേയ്‌ക്കും ദുരന്ത നിവാരണ ഏജൻസികൾക്കും ഉപയോഗിക്കാവുന്ന ഒരു പൊതു നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ ഉണ്ടായിരിക്കണമെന്നും ജിയോ ആവശ്യപ്പെട്ടിട്ടുണ്ട്.
മനുഷ്യനിർമിതമോ പ്രകൃതി ദുരന്തങ്ങളോ ഉണ്ടാകുമ്പോൾ ദുരന്ത നിവാരണ യൂണിറ്റും മറ്റ് പ്രധാന സംഘടനകളും തമ്മിൽ തടസ്സമില്ലാത്ത ആശയവിനിമയം സുഗമമാക്കാൻ ഈ സംവിധാനം സഹായിക്കും. രാജ്യത്തുടനീളം ഒരേ സ്‌പെക്‌ട്രം ഉപയോഗിച്ച് ഉയർന്ന ക്ലാസ് 4G/5G നെറ്റ്‌വർക്ക് നിർമ്മിക്കാൻ കഴിയും. എല്ലാ സർക്കാർ ഏജൻസികൾക്കും പൊലീസ്, ആംബുലൻസ്, അഗ്നി സുരക്ഷസേന തുടങ്ങിയവർക്കും ഈ നെറ്റ്‌വർക്കിലേക്ക് ആക്‌സസ് ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. പൊതുവായിട്ടുള്ള നെറ്റ്‌വർക്കുകൾ പ്രവർത്തനരഹിതം ആകുമ്പോഴും ഇവ ഉപകാരപ്പെടും.