മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ച് ബോളിവുഡ് താരദമ്പതികളായ റിതേഷ് ദേശ്മുഖും ജെനീലിയയും. കുടുംബത്തോടൊപ്പമാണ് ഇരുവരും വോട്ട് ചെയ്യാനെത്തിയത്. രാവിലെ മഹാരാഷ്‌ട്രയിലെ ലാത്തൂരിലെ പോളിംഗ് ബൂത്തിലെത്തിയാണ് ഇവർ വോട്ട് രേഖപ്പെടുത്തിയത്.
ഇതൊരു സുപ്രധാന ദിനമാണെന്നും എല്ലാവരും തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്നും ജെനീലിയ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. വോട്ട് ചെയ്യുന്നതിന് മാത്രമാണ് തിരക്കുകൾ മാറ്റിവച്ച് ഇവിടെയെത്തിയതെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നും റിതേഷ് ദേശ്മുഖ് പറഞ്ഞു. വോട്ട് ചെയ്തതിന് ശേഷമുള്ള ചിത്രങ്ങളും ജെനീലിയ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ലാത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർമാരാണ് ജെനീലിയയും കുടുംബവും.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ 93 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. 11 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. മഹാരാഷ്‌ട്രയിലെ 11 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 8.39 കോടി സ്ത്രീകളുൾപ്പെടെ 17.24 കോടി ആളുകളാണ് സമ്മതിദായക അവകാശം വിനിയോഗിക്കുന്നത്. 18.5 ലക്ഷം ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ 1.85 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.