ഇതെന്ത് സംഭവിച്ചു? മുന്നറിയിപ്പ് ഇല്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നൂറുകണക്കിന് പേർ കുടുങ്ങി; സംസ്ഥാനമൊട്ടാകെ പ്രതിഷേധം

Published by
ജനം വെബ്‌ഡെസ്ക്

കണ്ണൂർ: മുന്നറിയിപ്പ് ഇല്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. സംസ്ഥാനമൊട്ടാകെ പ്രതിഷേധം. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പടേണ്ട അബുദാബി, ഷാർജ, മസ്കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ മിന്നൽ പണിമുടക്കെന്നാണ് അനൗദ്യോ​ഗിക വിശദീകരണം.

നൂറു കണക്കിന് യാത്രക്കാർ കുടുങ്ങിക്കിടക്കുന്നത്. വാർത്ത പുറത്തുവന്ന ഉടനെ നെടുമ്പാശ്ശേരിയിലും സർ‌വീസുകൾ റദ്ദാക്കിയ വിവരം പുറത്തുവന്നു. ഷാർജ, മസ്കറ്റ്, ബഹ്റൈൻ, ദമാം എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് നെടുമ്പാശ്ശേരിയിൽ റദ്ദാക്കിയത്.

കരിപ്പൂരിൽ‌ നിന്നുള്ള ആറ് സവീസുകളും റദ്ദാക്കി. റാസൽഖൈജമ, ദുബായ്, ജിദ്ദ, ദോഹ, ബഹ്റൈൻ, കുവൈറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്നുള്ള മസ്കറ്റ്, ദുബായ്, അബുദാബി വിമാനങ്ങളും റദ്ദാക്കി. യാതൊരു വിധ മുന്നറിയിപ്പും ഇല്ലാതെയാണ് സർവീസുകൾ റ​ദ്ദാക്കിയതെന്ന് യാത്രക്കാർ പറഞ്ഞു.

വിമാനത്താവളങ്ങളിൽ‌ യാത്രക്കാർ പ്രതിഷേധിക്കുകയാണ്. മണിക്കൂറുകളോളം തങ്ങളെ കാത്തുനിർത്തിച്ചുവെന്നും മോശമായ രീതിയാണിതെന്നും ഇവർ പ്രതികരിച്ചു. രണ്ട് മണിക്കൂർ മുൻപ് മാത്രമാണ് ഇങ്ങനെയൊരു അറിയിപ്പുണ്ടായത് എന്നാണ് ജീവനക്കാർ അറിയിച്ചത്.  അലവൻസ് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് എയര്‍ ഇന്ത്യ ജീവനക്കാര്‍ രാജ്യവ്യാപകമായി നടത്തിയ പണിമുടക്കാണെന്നാണ് വിവരം.

Share