തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണ പ്രശ്നങ്ങൾ പരിഹരിക്കാൻ ആളില്ലാത്ത ഗതിക്കേട്. ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ട ഗതാഗതി മന്ത്രി ഇന്തോനേഷ്യൻ സന്ദർശനത്തിലാണ്. മുഖ്യമന്ത്രിയും വിദേശയാത്രയിലാണ്. ഗതാഗത കമ്മീഷണർ അവധിയിലും പോയ സാഹചര്യത്തിൽ സർക്കാരിന്റെ അലംഭാവം വ്യക്തമാണ്.
കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങുകയാണ്. ടെസ്റ്റ് ഗ്രൗണ്ടിലെത്തി വെറും കയ്യോടെ മടങ്ങുകയാണ് പലരും. പത്ത് ലക്ഷത്തിലേറെ പേർ ലേണേഴ്സ് പാസായി ടെസ്റ്റിന് കാത്തിരിക്കുന്നു. സമയത്ത് ടെസ്റ്റ് നടക്കാത്തതിനാൽ ലേണേഴ്സ് റദ്ദാക്കി വീണ്ടും അപേക്ഷിക്കേണ്ട അവസ്ഥയിലാണ് പലരും. ഡ്രൈവിംഗ് സ്കൂളുകളിൽ തിരക്കേറുന്നതിനാൽ ലേണേഴ്സിന് അപേക്ഷ നൽകുന്നത് ഡ്രൈവിംഗ് സ്കൂളുകാർ നിർത്തിവയ്‌ക്കുകയും ചെയ്തു. സാരഥി പോർട്ടൽ ഇടയ്‌ക്കിടെ തകരാറിലാകുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ ലൈസൻസ് വിതരണവും ഡ്രൈവിംഗ് ടെസ്റ്റും പൂർണമായും നിലച്ച നിലയിലാണ്.
ഡ്രൈവിംഗ് ടെസ്റ്റ് കാര്യക്ഷമമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പരിഷ്കരണം ആവിഷ്കരിച്ചതെന്നാണ് വാദമെങ്കിലും യായൊതു മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും നടത്തിയിട്ടില്ല. പരിഷ്കാരം നടപ്പാക്കാൻ തീരുമാനിച്ച മേയ് ഒന്ന് മുതൽ സിഐടിയു ഉൾപ്പടെയുള്ള യൂണിയനുകൾ സമരത്തിലാണ്.