ന്യൂഡൽഹി: ഖാലിസ്ഥാൻ വിഷയത്തിൽ പതിറ്റാണ്ടുകളായി ഇന്ത്യയ്‌ക്കുള്ള ആശങ്ക മനസിലാക്കുന്നില്ല എന്ന ഇടത്താണ് ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്‌നങ്ങൾ തുടങ്ങുന്നതെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മ. ഖാലിസ്ഥാൻ വിഷയം ഇന്ത്യയെ സംബന്ധിച്ച് ഒരു റെഡ് ലൈൻ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോൺട്രിയൽ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ഇന്ത്യ ഇരട്ട പൗരത്വം അനുവദിക്കാത്ത രാജ്യമാണ്. അതുകൊണ്ട് തന്നെ കനേഡിയൻ പൗരത്വമുള്ള ഖാലിസ്ഥാൻ തീവ്രവാദികൾ ഇന്ത്യയെ സംബന്ധിച്ച് വിദേശികൾ തന്നെയാണ്. രാജ്യത്തിന്റെ അഖണ്ഡത ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നത്. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് അത് വലിയൊരു നിയന്ത്രണ രേഖ തന്നെയാണ്. ഇന്ത്യയുടെ കാര്യം തീരുമാനിക്കേണ്ടത് വിദേശികളല്ല. ഇനി വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ഏതെങ്കിലും ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യയുടെ വിധി നിർണയിക്കണമെന്ന് തോന്നിയാൽ അവർ ഇന്ത്യയിൽ തിരികെ വന്ന് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകേണ്ടതാണെന്നും” സഞ്ജയ് കുമാർ വർമ്മ പറഞ്ഞു.
ഖാലിസ്ഥാൻ വിഷയത്തിലെ പ്രശ്‌നങ്ങൾ വാർത്തകളിൽ ഇടം പിടിക്കുമ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് നിരവധി പോസിറ്റീവ് വശങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ” ഇന്ത്യയും കാനഡയും തമ്മിലുള്ള വ്യാപാര ബന്ധം എടുത്ത് പറയേണ്ട ഒന്നാണ്. രാഷ്‌ട്രീയ ഭിന്നതകൾ ഉടലെടുകുന്നുണ്ടെങ്കിലും, അതൊന്നും വ്യാപാരബന്ധത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ല. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനേക്കാൾ കയറ്റുമതി കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് കാനഡയെന്നും” അദ്ദേഹം വ്യക്തമാക്കി.
Leave a Comment