ഭോപ്പാൽ: മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിനെയും അയോദ്ധ്യയെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടനെന്ന് റിപ്പോർട്ട്. ഭോപ്പാൽ-മുംബൈ- അയോദ്ധ്യ സർവീസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.
വരുന്ന ജൂലൈയിൽ പരീക്ഷണയോട്ടം നടത്തുമെന്നാണ് വിവരം. ഇതിന് ശേഷമാകും സമയക്രമം സംബന്ധിച്ച വിവരങ്ങൾ റെയിൽവേ പ്രഖ്യാപിക്കുക. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കൂടി ട്രാക്കിലിറങ്ങുന്നതോടെ യാത്ര സൗകര്യം മെച്ചപ്പെടും.
15 കോച്ചുകളാണ് ഓരോ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിലും ഉണ്ടാവുക. രാത്രികാല സർവീസാകും നടത്തുക. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ വേഗത കൂടുതലായിരിക്കും. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിലാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഓടുക. നിലവിൽ മൂന്ന് നോൺ-സ്ലീപ്പർ വന്ദേ ഭാരത് ട്രെയിനുകളാണ് മധ്യപ്രദേശിൽ സർവീസ് നടത്തുന്നത്.