ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സാം പിത്രോദയ്‌ക്കെതിരെ വിമർശനം രൂക്ഷമാകുന്നു. കോൺഗ്രസ് പാർട്ടിയുടെ ഉപദേശകനും ഗൈഡും ഓവർസീസ് നേതാവുമായ സാം പിത്രോദ നടത്തിയ വംശീയ പരാമർശത്തിന് ധനമന്ത്രി നിർമല സീതാരാമൻ എക്സിലൂടെയാണ് മറുപടി നൽകിയത്.
“ഞാൻ ദക്ഷിണേന്ത്യയിൽ നിന്നുള്ളയാണ്, ഞാൻ ഇന്ത്യക്കാരെ പോലെയാണിരിക്കുന്നത്. എന്റെ ടീമിൽ വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നുള്ള നിരവധി സഹപ്രവർത്തകരുണ്ട്, അവരും ഇന്ത്യക്കാരെ പോലെയാണ്. ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്ത് നിന്നുള്ളവരും എന്‌റെ ടീമിലുണ്ട്. അവരും ഇന്ത്യക്കാരെ പോലെയാണിരിക്കുന്നത്. എന്നാൽ രാഹുലിന്റെ ഉപദേശകനായ വംശീയ വിരോധി, ഇന്ത്യക്കാരെ കാണുന്നത് ആഫ്രിക്കൻ, അറബ്, ചൈനീസ് വംശജരായാണ്. നിങ്ങളുടെ മനസിലിരിപ്പും അഭിപ്രായവും വെളിപ്പെടുത്തിയതിന് നന്ദി. ഇൻഡി മുന്നണിക്കിത് നാണക്കേടാണ്.” നിർമല സീതാരാമൻ സമൂഹമാദ്ധ്യമത്തിലൂടെ മറുപടി നൽകി.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസിനെതിരെ രംഗത്ത് വന്നിരുന്നു. രാഹുലിന്റെ ഉപദേശിയും ഫിലോസഫിക്കൽ ഗൈഡുമായ ‘അമേരിക്കൻ അങ്കിൾ’ ഭാരതീയരെ ചർമത്തിന്റെ പേരിൽ അധിക്ഷേപിച്ചത് ഒരിക്കലും രാജ്യം സഹിക്കില്ലെന്നും ഒരു ഇന്ത്യക്കാരനും ഇത് അംഗീകരിച്ച് നൽകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വനവാസി കുടുംബത്തിൽ നിന്നുള്ള ദ്രൗപദി മുർമുവിനെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് എത്തിക്കുന്നതിന് തടസം സൃഷ്ടിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത് ഈ വംശീയ വിദ്വേഷ കാഴ്ചപ്പാടാണെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. സാം പിത്രോദയുടെ വംശീയ വിദ്വേഷത്തിന് രാഹുൽ മറുപടി പറയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് നിരവധി നേതാക്കളാണ് കോൺഗ്രസ് നേതാവിന്റെ ആരോപണങ്ങൾക്കെതിരെ രംഗത്തുവന്നത്. അധിനിവേശക്കാരുടെ മണ്ണാണ് ഭാരതമെന്നും അവരുടെ പിന്തുടർച്ചക്കാരാണ് ഭാരതീയരെന്നുമുള്ള ചിന്താഗതിയാണ് കോൺഗ്രസിന് ഇപ്പോഴുമുള്ളതെന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ വിമർശിച്ചു.
യുഎസ് മാദ്ധ്യമമായ ദി സ്റ്റേറ്റ്സ്മാന് നൽകിയ അഭിമുഖത്തിലാണ് സാം പിത്രോദ വംശീയ പരാമർശം നടത്തിയത്. ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കൻ വംശജരെ പോലെയാണെന്നും പടിഞ്ഞാറുള്ളവർ അറബികളെ പോലെയാണെന്നും കിഴക്കുള്ളവർ ചൈനക്കാരെ പോലെയാണെന്നുമായിരുന്നു പിത്രോദ പറഞ്ഞത്. വടക്കുള്ളവർ വെളുത്തിട്ടാണെങ്കിൽ തെക്കുള്ളവർ ആഫ്രിക്കക്കാരെ പോലെയാണിരിക്കുന്നതെന്നും കോൺഗ്രസ് നേതാവ് പരാമർശിച്ചു.















