തിരുവനന്തപുരം: വിജയശതമാനം വർദ്ധിപ്പിക്കാൻ വാരിക്കോരി മാർക്ക് കൊടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷ എഴുതിയതിന് തന്നെയാണ് മാർക്ക് നൽകുന്നതെന്നും അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷാ രീതി മാറ്റുമെന്നും ശിവൻകുട്ടി പറഞ്ഞു. എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പരീക്ഷാരീതി മാറ്റുന്നത് ചർച്ച ചെയ്യാൻ വിദ്യാഭ്യാസ കോൺക്ലേവ് നടത്തും. വിദ്യാഭ്യാസ കോൺക്ലേവിൽ എല്ലാവരെയും ഉൾപ്പെടുത്തി മാറ്റങ്ങൾ തീരുമാനിക്കാം. കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള നടപടികൾ സ്വീകരിക്കും. എഴുത്തുപരീക്ഷയ്ക്ക് മിനിമം മാർക്ക് ഏർപ്പെടുത്തും. ഓരോ വിഷയത്തിനും ജയിക്കാൻ കുറഞ്ഞത് 12 മാർക്ക് വേണം.
ഫലപ്രഖ്യാപനം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ എസ്എസ്എൽസി മാർക്ക് ലിസ്റ്റ് കൊടുക്കാൻ സാധിക്കുമോ എന്നുള്ള കാര്യം പരിശോധിക്കും. സർട്ടിഫിക്കറ്റ് വിതരണം അധികം വൈകാതെ തന്നെ പ്രഥമ അദ്ധ്യാപകരുടെ ലോഗിൻ മുഖേന ഓൺലൈനായി ലഭ്യമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജൂൺ ആദ്യവാരം മുതൽ സർട്ടിഫിക്കറ്റ് നൽകും. ഈ മാസം 28 മുതൽ ജൂൺ ആറ് വരെയാണ് സേ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടത്. പുനർമൂല്യനിർണയത്തിന് നാളെ മുതൽ 15 വരെ അപേക്ഷിക്കാം- ശിവൻകുട്ടി പറഞ്ഞു.
പാലാ വിദ്യാഭ്യാസ ജില്ലയിലാണ് നൂറുമേനി വിജയമുള്ളത്. 892 സർക്കാർ സ്കൂളുകൾക്കാണ് നൂറ് ശതമാനം വിജയമുള്ളത്. ജൂൺ 24-ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. 4,33,231 പ്ലസ് വൺ സീറ്റുകളാണുള്ളത്. ജൂലൈ 31-ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും. ഈ മാസം 16 മുതൽ പ്ലസ് വൺ പ്രവേശത്തിന് അപേക്ഷിക്കാം. മെയ് 29-നായിരിക്കും ട്രയൽ അലോട്ട്മെന്റ്. ആദ്യ അലോട്ട്മെന്റ് ജൂൺ അഞ്ചിനാണെന്നും മന്ത്രി അറിയിച്ചു.