കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ വംശീയ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ കാമ്പയിൻ ആരംഭിച്ച് ഭാരതീയർ. #ProudBharatiya എന്ന ഹാഷ്ടാഗിലാണ് എക്സിൽ കാമ്പയിൻ തുടങ്ങിയിരിക്കുന്നത്. ദക്ഷിണേന്ത്യയിൽ നിന്നും വടക്കേന്ത്യയിൽ നിന്നുമുൾപ്പടെ നിരവധി പേരാണ് കോൺഗ്രസ് നേതാവിന്റെ വംശീയ വിദ്വേഷത്തിനെതിരെ കടുത്ത വിമർശനമുന്നയിച്ച് കാമ്പയിന്റെ ഭാഗമായിരിക്കുന്നത്. ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ പങ്കുവച്ച എക്സ് പോസ്റ്റിന് പിന്നാലെയാണ് #ProudBharatiya കാമ്പയിൻ ആരംഭിച്ചത്.
“പ്രിയ സാം പിത്രോദ, ഞാൻ കറുത്തനിറമുള്ള ഭാരതീയനാണ്, #ProudBharatiya” എന്നായിരുന്നു അണ്ണാമലൈയുടെ പോസ്റ്റ്. ഇതിന് പിന്നാലെ നിരവധി പേർ തങ്ങളുടെ ചർമ്മത്തിന്റെ നിറം അഭിമാനത്തോടെ പരാമർശിച്ചുകൊണ്ട് രംഗത്തെത്തി.
“സാം പിത്രോദ, ഞാനൊരു ഭാരതീയനാണ്, എന്നെ കണ്ടാൽ കോംഗോയിൽ നിന്നുള്ളവരെ പോലെ തോന്നുണ്ടോ” എന്നാണ് എക്സിലെ ഒരു ഉപഭോക്താവ് ചിത്രം പങ്കുവച്ചുകൊണ്ട് ചോദിച്ചത്. “സാം പിത്രോദ അങ്കിളിന് നമസ്കാരം, ഞാൻ സൗത്ത് ഇന്ത്യയിൽ നിന്നാണ്. നിർഭാഗ്യവശാൽ ഞാൻ കറുത്തിട്ടല്ല” എന്ന് തെലങ്കാനയിൽ നിന്നുള്ള ബിജെപിയുടെ യുവനേതാവ് കാസിറെഡ്ഡി സിന്ധു അഭിപ്രായപ്പെട്ടു.
കോൺഗ്രസിന്റെ പ്രധാന ഉപദേശകരിൽ ഒരാളായ സാം പിത്രോദയുടെ ഭാഗത്ത് നിന്നും വംശീയ പരാമർശമുണ്ടായതിനെതിരെ രാഷ്ട്രീയ ഭേദമന്യേയാണ് വിമർശനമുയരുന്നത്. ദക്ഷിണേന്ത്യയിൽ നിന്നുള്ള നിരവധി പേർ പ്രതിഷേധം രേഖപ്പെടുത്തി. ഭാരതീയർ വ്യത്യസ്ത നിറങ്ങളിലുണ്ടെന്നും, ഏതുനിറത്തിൽ കാണപ്പെട്ടാലും അവർ ഭാരതീയർ തന്നെയാണെന്നും കോൺഗ്രസിനെ ഓർമിപ്പിക്കുകയാണ് #ProudBharatiya കാമ്പയിനിലൂടെ എക്സ് ഉപഭോക്താക്കൾ.