സംഗീത് ശിവന്റെ വേർപാടിൽ അനുസ്മരിച്ച് മോഹൻലാൽ. മലയാളത്തിന് വേറിട്ട സിനിമകൾ സമ്മാനിച്ച സംഗീത് ശിവന്റെ ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചുവെന്നും അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബത്തിന്റെ ദുഃഖത്തോടൊപ്പം പങ്കുചേരുന്നതായും മോഹൻലാൽ പ്രതികരിച്ചു.
യോദ്ധ, ഗാന്ധർവം, നിർണയം എന്നീ സിനിമകളാണ് സംഗീത് ശിവനൊപ്പം ചെയ്തത്. ഇതിൽ ഗാന്ധർവവും നിർണയവും ഒരുമിച്ച് നിർമിക്കാൻ കഴിഞ്ഞു. ഈ മൂന്ന് സിനിമകളും മലയാളത്തിന് വേറിട്ട കാഴ്ച സമ്മാനിച്ചവയാണ്. യോദ്ധ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിൽ മാത്രമല്ല, മറ്റ് ഭാഷകളിലേക്കും ഡബ്ബ് ചെയ്യപ്പെട്ട സിനിമയാണത്, അതും അക്കാലത്ത്. അതിലെ മ്യൂസിക്, ആക്ഷൻ, പ്രമേയം, അഭിനയിച്ച വ്യക്തികൾ എല്ലാം ശ്രദ്ധിക്കപ്പെട്ടു. അക്കാലത്ത് പുറത്തുപോയി ഷൂട്ട് ചെയ്യുന്നത് അപൂർവമായിരുന്നു. എന്നിട്ടും കാഠ്മണ്ഡുവിൽ ഷൂട്ട് നടന്നു. സംഗീതും സന്തോഷും മികച്ച കോമ്പിനേഷനായിരുന്നു. സിനിമയെ വ്യത്യസ്തമായ രീതിയിൽ പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ കഴിവുള്ള വ്യക്തിയായിരുന്നു സംഗീത്. അദ്ദേഹത്തോടൊപ്പം മറ്റ് ചില സിനിമകൾ ചെയ്യുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു. എന്നാൽ അത് യാഥാർത്ഥ്യമായില്ല.
സംഗീത് ശിവൻ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അറിയാൻ കഴിഞ്ഞത് ഇന്ന് രാവിലെയാണ്. വൈകിട്ടാവുമ്പോഴേക്കും അദ്ദേഹം നമ്മെ വിട്ടുപോയി. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു, പ്രാർത്ഥിക്കുന്നു. – മോഹൻലാൽ അനുസ്മരിച്ചു.
പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകിട്ടാണ് അന്തരിച്ചത്. മലയാളസിനിമയ്‌ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കഥാപാത്രങ്ങളും സിനിമകളും സംഭാവന ചെയ്ത അദ്ദേഹത്തിന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു. മലയാളം കൂടാതെ നിരവധി ഹിന്ദി സിനിമകളും സംഗീത് ശിവനിലൂടെ പിറന്നിട്ടുണ്ട്.