ന്യൂഡൽഹി: ഭാരതത്തിൽ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നുവെന്ന കുപ്രചാരണങ്ങൾ പൊളിയുന്നു. രാജ്യത്തെ ന്യൂനപക്ഷ വിഭാഗക്കാർ സുരക്ഷിതരാണെന്നും അവരുടെ ജനസംഖ്യയിൽ അഭൂതപൂർവ്വമായ വളർച്ചയാണ് കഴിഞ്ഞ ദശാബ്ദങ്ങളിൽ രേഖപ്പെടുത്തിയതെന്നുമാണ് റിപ്പോർട്ട്. ആഗോളതലത്തിൽ നിന്നുള്ള വിവരങ്ങളും സാഹചര്യങ്ങളും വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (EAC-PM) തയ്യാറാക്കിയിരിക്കുന്ന റിപ്പോർട്ടിൽ 1950 മുതലുള്ള ഭാരതത്തിലെ സാഹചര്യങ്ങളെ പഠനവിധേയമാക്കിയിട്ടുണ്ട്.
ദക്ഷിണേഷ്യയിൽ ഭാരതത്തിന്റെ അയൽരാജ്യങ്ങളായി സ്ഥിതിചെയ്യുന്ന ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ ഭൂരിപക്ഷ സമുദായത്തിലുള്ളവരുടെ ജനസംഖ്യ ഉയരുകയും ന്യൂനപക്ഷങ്ങളുടെ എണ്ണം ഭയാനകമാംവിധം കുറയുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ നിന്നുള്ള കണക്കുകൾ പുറത്തുവരുന്നതെന്നത് ശ്രദ്ധേയമാണ്. വൈവിധ്യമാർന്ന അന്തരീക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് ഇന്ത്യയിലെ കണക്കുകൾ വ്യക്തമാക്കുന്നു.
ലോകത്തെമ്പാടുമുള്ള 167 രാജ്യങ്ങളെ വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 1950 മുതൽ 2015 വരെയുള്ള കാലയളവിനെയാണ് പഠനവിധേയമാക്കി. ഇതുപ്രകാരം രാജ്യത്തെ ഭൂരിപക്ഷ സമുദായത്തിന്റെ (ഹിന്ദു) വളർച്ചാനിരക്ക് 7.8 ശതമാനം കുറയുകയും ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വർദ്ധിക്കുകയും ചെയ്തു. എന്നാൽ പാകിസ്താൻ അടക്കമുള്ള ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ ഭൂരിപക്ഷ സമുദായമാണ് (മുസ്ലീം) വളർച്ച രേഖപ്പെടുത്തിയത്.
ഇന്ത്യയിൽ മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധിസ്റ്റ്, സിഖ് വിഭാഗങ്ങളിലുള്ളവരുടെ വളർച്ച വർദ്ധിച്ചു. ജൈന, പാഴ്സി മതത്തിൽപ്പെട്ടവരുടെ ജനസംഖ്യയിൽ നേരിയ കുറവ് വന്നിട്ടുണ്ട്. ഇക്കാലയളവിൽ മുസ്ലീം വിഭാഗത്തിന്റെ ജനസംഖ്യ 43.15 ശതമാനമാണ് വർദ്ധിച്ചിരിക്കുന്നത്. ക്രിസ്ത്യൻ വിഭാഗത്തിലുള്ളവർ 5.38 ശതമാനവും കൂടിയിട്ടുണ്ട്. സിഖ് മതത്തിൽപ്പെട്ടവർ 6.58 ശതമാനവും ബുദ്ധിസ്റ്റുകളിൽ നേരിയ വളർച്ചയും രേഖപ്പെടുത്തി.
1950ൽ ഭാരതത്തിലെ ഹിന്ദുക്കളുടെ ജനസംഖ്യ 84 ശതമാനമായിരുന്നു. എന്നാൽ 2015 ആയപ്പോൾ ഇത് 78 ശതമാനമായി കുറഞ്ഞു. എന്നാൽ ഇതേകാലയളവിൽ മുസ്ലീങ്ങളുടെ ജനസംഖ്യ 9.84 ശതമാനത്തിൽ നിന്ന് 14.09 ശതമാനമായി ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യ കൂടാതെ നേപ്പാളിലും ഹിന്ദുക്കളുടെ ജനസംഖ്യയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 3.6 ശതമാനമാണ് കുറഞ്ഞത്.
എന്നാൽ പാകിസ്താനിലും ബംഗ്ലാദേശിലും ന്യൂനപക്ഷമായ ഹിന്ദുക്കളുടെ വളർച്ചയിൽ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്. അവിടെ ഭൂരിപക്ഷമായ മുസ്ലീങ്ങളുടെ ജനസംഖ്യ കൂടുകയും ചെയ്തു. ബംഗ്ലാദേശിൽ 18.5 ശതമാനവും പാകിസ്താനിൽ 3.75 ശതമാനവും മുസ്ലീങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഇന്ത്യക്ക് സമാനമായി കിഴക്കൻ അയൽരാജ്യമായ മ്യാൻമറിലും ഭൂരിപക്ഷ വിഭാഗം കുറയുകയാണ് ചെയ്തത്. അവിടെ ഏറ്റവുമധികമുള്ള ഥേരാവാദ ബുദ്ധിസ്റ്റുകൾ 10 ശതമാനത്തോളം കുറഞ്ഞു. ഇന്ത്യ, മ്യാൻമർ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ ഭൂരിപക്ഷ വിഭാഗം കുറയുകയും ന്യൂനപക്ഷങ്ങൾ വർദ്ധിക്കുകയും ചെയ്തപ്പോൾ, ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ ഭൂരിപക്ഷ മതവിഭാഗക്കാർ വർദ്ധിക്കുകയും ന്യൂനപക്ഷങ്ങൾ വൻതോതിൽ കുറയുകയും ചെയ്തുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
സമൂഹത്തിന്റെ താഴേത്തട്ടിലുള്ള, അവശത അനുഭവിക്കുന്ന വിഭാഗക്കാർക്ക് അനുകൂലമായ അന്തരീക്ഷവും വളരാനുള്ള സാഹചര്യവും സാമൂഹിക പിന്തുണയും പ്രാപ്തമാക്കിയാൽ മാത്രമേ മികച്ച ജീവിതസാഹചര്യം ലഭിക്കൂ. അതുവഴി മാത്രമേ ജനസംഖ്യാനുപാതം വ്യത്യാസപ്പെടുകയുള്ളൂ. ഭാരതമടക്കം വളരെ കുറച്ച് രാജ്യങ്ങൾ മാത്രമാണ് ന്യൂനപക്ഷങ്ങൾക്ക് ജനാധിപത്യപരമായ സുരക്ഷയും അവകാശങ്ങളും ഉൾപ്പടെ ലഭ്യമാക്കുന്നത്. ഇത്തരം നയങ്ങളുടെ ഫലമാണ് രാജ്യത്തെ ന്യൂനപക്ഷത്തിന്റെ വളർച്ച സാധ്യമാക്കിയതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Share of religious minority – A cross country analysis എന്ന പേരിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ സമിതിയംഗമായ ഡോ. ഷാമിക രവി, അബ്രഹാം ജോസ്, അപൂർവ് കുമാർ മിശ്ര എന്നിവരുൾപ്പടെയുള്ളവരാണ് ഡാറ്റ വിശകലനം ചെയ്ത് പേപ്പർ തയ്യാറാക്കിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളിൽ അത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും ആവശ്യമായ ഉപദേശങ്ങൾ നൽകുന്ന സ്വതന്ത്രസമിതിയാണ് EAC-PM.