ന്യൂഡൽഹി: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭ അദ്ധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത (ബിഷപ്പ് കെപി യോഹന്നാൻ) യുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. യുഎസിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ മരണം.
സമൂഹത്തിന് നൽകിയ സേവനങ്ങളിലൂടെയും അടിച്ചമർത്തപ്പെട്ടവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ നൽകിയ സംഭാവനകളിലൂടെയും മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത എന്നും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനയുണ്ട്. ആ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. ദു;ഖത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ബിലീവേഴ്സ് ചർച്ച് വിശ്വാസികൾക്കും ഒപ്പം ചേരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുളളവരും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
യുഎസിലെ ഡാലസിൽ വച്ച് കഴിഞ്ഞ ദിവസമാണ് മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയ്ക്ക് വാഹനാപകടത്തിൽ പരിക്കേറ്റത്. പ്രഭാത സവാരി നടത്തുന്നതിനിടെ വാഹനം വന്നിടിക്കുകയായിരുന്നു. നെഞ്ചിനും തലയ്ക്കും ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും പെട്ടന്നുണ്ടായ ഹൃദയാഘാതം മരണകാരണമായെന്നാണ് ഡോക്ടർമാരുടെ വിശദീകരണം.
ബിലീവേഴ്സ് മെഡിക്കൽ കോളജ് ഉൾപ്പെടെയുളള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു. 300 ഓളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സുവിശേഷ പ്രചാരകനായിട്ടാണ് അദ്ദേഹത്തിന്റെ ദൈവശുശ്രൂഷയുടെ തുടക്കം. 1974 ൽ വൈദ്യശാസ്ത്ര പഠനത്തിനായി യുഎസിലെത്തി. 1979 ൽ യുഎസിൽ നിന്ന് ഗോസ്പൽ ഫോർ ഏഷ്യ എന്ന സുവിശേഷ പ്രചാരണ സംഘടനയ്ക്ക് രൂപം നൽകി. കേരളത്തിലേക്ക് തിരിച്ചെത്തിയാണ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എന്ന പേരിൽ സ്വന്തം നിലയിൽ സഭ രൂപീകരിക്കുന്നത്.