മദ്യവിൽപ്പന ശാലയ്‌ക്കെതിരെ സമരം ചെയ്ത എൽകെജിക്കാരന്റെ പ്രതിഷേധത്തിൽ ഇടപെട്ട് അലഹബാദ് ഹൈക്കോടതി. ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നാണ് അസാമാന്യ ധൈര്യത്തിന്റെ കഥ പുറത്തുവന്നത്. അഞ്ചുവയസുകാരനായ അഥർവ ദീക്ഷിതിന്റെ സ്കൂളിന് സമീപത്തുണ്ടായിരുന്ന മദ്യവിൽപ്പന ശാലയക്കെതിരെയായിരുന്നു പ്രതിഷേധം.
സ്കൂളിൽ നിന്ന് 20 മീറ്റർ മാത്രം അകലെയായിരുന്നു മദ്യശാല. നിയമം ലംഘിച്ച് രാവിലെ ആറു മണി മുതലാണ് ഇത് പ്രവർത്തിച്ചിരുന്നത്. ഇതോടെ പ്രദേശത്ത് രാവിലെ മുതൽ മദ്യപന്മാർ തമ്പടിച്ച് പ്രദേശവാസികളെയും സ്കൂളിലെത്തുന്ന വിദ്യാർത്ഥികളെയും ശല്യപ്പെടുത്തിയിരുന്നു. അഥർവയെയും ചിലർ പേടിപ്പിച്ചു. ഇതോടെ കുട്ടി സ്കൂളിൽ പോകാൻ തന്നെ ഭയപ്പെട്ടു. കിൻഡർഗാർട്ടൻ മുതൽ 9-ാം ക്ലാസുവരെയുള്ള സ്കൂളിൽ 475 കുട്ടികളുണ്ട്.
അഥർവ കുടുംബത്തിന്റെ സഹായത്തോടെ അലഹബാദ് ഹൈക്കോടതിയിൽ പൊതുതാത്പ്പര്യ ഹർജി സമർപ്പിച്ചു. മദ്യശാലയുടെ ലൈസൻസ് പുതുക്കി നൽകരുതെന്നായിരുന്നു ആവശ്യം. ജസ്റ്റിസുമാരായ അരുൺ ബൻസാലിയും വികാസും ഇരു വിഭാഗങ്ങളുടെയും വാദം കേട്ടശേഷം ഹർജി വിധിപറയാൻ മാറ്റിയിരുന്നു.
മദ്യശാലയുടെ പ്രവർത്തനം നിയമം ലംഘിച്ചാണെന്നും ഇനിയും ഇത് തുർന്നാൽ കുട്ടികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും അഥർവയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അശുതോഷ് ശർമ്മ കോടതിയിൽ വ്യക്തമാക്കി. അഥർവയുടെ വാദം അംഗീകരിച്ച കോടതി യുപി ഗവൺമെന്റിനോട് മദ്യശാലയുടെ ലൈസൻസ് പുതുക്കി നൽകരുതെന്ന് ഇന്നലെ ഉത്തരവിടുകയായിരുന്നു. അടുത്തവർഷം മാർച്ച് വരെയാണ് നിലവിലെ ലൈസൻസിന്റെ കാലാവധി. കുട്ടികൾക്കും പ്രദേശവാസികൾക്കും സുരക്ഷിതമായൊരു അന്തരീക്ഷത്തിന് വഴിയൊരുക്കുന്നതിന് വേണ്ടിയാണ് തീരുമാനമെന്നും കോടതി വ്യക്തമാക്കി.