മുംബൈ:1993-ലെ സ്‌ഫോടനക്കേസ് പ്രതികളിലൊരാളായ ഇബ്രാഹിം മൂസ, മുംബൈ നോർത്ത് വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തിലെ മഹാവികാസ് അഘാഡി (എംവിഎ) സ്ഥാനാർത്ഥി അമോൽ കീർത്തികറിന് വേണ്ടി പ്രചാരണം നടത്തിയതായി റിപ്പോർട്ട്. പ്രചാരണത്തിൽ പങ്കെടുക്കുന്ന മൂസയുടെ വീഡിയോ വ്യാഴാഴ്ച സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതിയാണ് ബാബ ചൗഹാൻ എന്നറിയപ്പെടുന്ന മൂസ. സ്‌ഫോടന പരമ്പരയ്‌ക്ക് മുമ്പ് നടൻ സഞ്ജയ് ദത്തിന്റെ വീട്ടിലേക്ക് ആയുധങ്ങൾ എത്തിച്ചുവെന്ന കുറ്റമാണ് ഇയാൾക്കെതിരെയുള്ളത്. 1993 ജനുവരി 15ന് മൂസയും ഗുണ്ടാസംഘം അബു സലേമും മറ്റുള്ളവരും ആയുധങ്ങൾ എത്തിക്കുമെന്ന് അറിയിക്കാൻ ദത്തിന്റെ വീട്ടിലെത്തിയെന്ന് പ്രോസിക്യൂഷൻ പറയുന്നു. ദത്തിന്റെ കൈവശം ഉണ്ടായിരുന്ന എകെ 47 തോക്ക് ഒഴികെയുള്ള ആയുധങ്ങൾ പിന്നീട് കണ്ടെടുക്കുകയും നടൻ ശിക്ഷിക്കപ്പെടുകയും ചെയ്തു. സ്‌ഫോടന പരമ്പരയിൽ 257 പേർ കൊല്ലപ്പെടുകയും 700ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.