ബംഗ്ലാദേശിനെതിരായ അഞ്ചു മത്സരങ്ങളടങ്ങിയ ടി20 പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ. അവസാന മത്സരത്തിൽ 21 റൺസിനാണ് ബംഗ്ലാദേശിനെ വീഴ്‌ത്തിയത്. ടി20യിൽ ഇത് രണ്ടാം തവണയാണ് ഒരു മത്സരം പോലും തോൽക്കാതെ ഇന്ത്യ പരമ്പര സ്വന്തമാക്കുന്നത്. 2019 ൽ വിൻഡീസിനെതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ നേട്ടം.
ടോസ് നേടിയ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് നേടി. സ്മൃതി മന്ഥാന (33), ഡി.ഹേമലത(37), ക്യാപ്റ്റൻ ഹർമ്മൻ പ്രീത് കൗർ(30), റിച്ചാ ഘോഷ്(28) എന്നിവരാണ് ഇന്ത്യക്ക് വേണ്ടി തിളങ്ങിയത്. മറുപടി ബാറ്റിംഗിൽ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുക്കാനേ ബംഗ്ലാദേശ് വനിതകൾക്ക് കഴിഞ്ഞുള്ളു.
മൂന്ന് വിക്കറ്റ് നേടിയ രാധയാദവും രണ്ടു വിക്കറ്റ് നേടിയ മലയാളി താരം ആശ ശോഭനയും ചേർന്ന് ബംഗ്ലാദേശിനെ വരിഞ്ഞു മുറുക്കുകയായിരുന്നു. ടൈറ്റസ് സാധുവിന് ഒരുവിക്കറ്റ് ലഭിച്ചു. 37 റൺസ് നേടിയ റിതുമോനിയാണ് ബംഗ്ലാദേശ് നിരയിലെ ടോസ് സ്കോറർ. മലയാളി താരം സജന സജീവന് ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങാനായില്ല. 10 വിക്കറ്റ് നേടിയ രാധയാദവാണ് പരമ്പരയിലെയും കളിയിലെയും താരം.