തിരുവനന്തപുരം: ബിജെപി കൗൺസിലർമാർ പ്രസംഗിക്കാൻ വരുമ്പോൾ മൈക്ക് ഓഫ് ചെയ്യുക, അറ്റൻഡൻസ് ബുക്ക് ഒപ്പിടാൻ കൊടുക്കാതിരിക്കുക, ഫയൽ മുക്കുക തുടങ്ങി നഴ്സറി കുട്ടികൾ പോലും കാണിക്കാത്ത തരത്തിലുള്ള നിലവാരം കുറഞ്ഞ പണികളാണ് തിരുവനന്തപുരം മേയർ കാണിക്കുന്നതെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ്. മേയറുടെ ധിക്കാരത്തിനും ഭരണ സ്തംഭനത്തിനുമെതിരെ നഗരസഭയ്‌ക്കു മുന്നിൽ ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മേയറും ഭർത്താവ് എംഎൽഎയും തെരുവിൽ കാണിച്ച അഴിഞ്ഞാട്ടത്തിൽ കെഎസ്ആർടിസി ബസിനുള്ളിലുണ്ടായിരുന്ന ക്യാമറയുടെ മെമ്മറി കാർഡ് മോഷണം പോയി. സർക്കാർ ബസ്സിൽ നിന്നും സിസിടിവിയുടെ മെമ്മറി കാർഡ് മോഷണം നടത്താൻ ഒരു നഗരസഭാ മേയറും ഒരു എംഎൽഎയും ഗൂഡാലോചനയ്‌ക്ക് നേതൃത്വം നൽകിയതിനെ ജനങ്ങൾ ആശങ്കയോടെയാണ് കാണുന്നത്. കോടതിയുടെ നിർദ്ദേശപ്രകാരം പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ മെമ്മറി കാർഡ് മോഷണം നടത്തിയതിന്റെയും അതിന്റെ ഗൂഢാലോചനയുടെയും പിന്നിൽ മേയർ ഉൾപ്പടെയുള്ളവരുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. നഗരസഭ കേന്ദ്രീകരിച്ച് നടക്കുന്ന അപകടകരമായ ഈ സംസ്‌കാരത്തെ മുളയിലേ നുള്ളുന്നതിന് വേണ്ടിയാണ് ബിജെപി സമരവുമായി തെരുവിലേക്ക് ഇറങ്ങിയിരിക്കുന്നതെന്നും വിവി രാജേഷ് പറഞ്ഞു.
നഗരസഭാ പരിധിയിലെ സകല ചരാചരങ്ങളും തന്റെ കാൽക്കീഴിലാണെന്ന് കരുതുന്ന വിഡ്ഢിയാണ് തിരുവനന്തപുരം മേയർ എന്ന് അവി.വി.രാജേഷ് പരിഹസിച്ചു. തന്നെ പിന്തുണച്ച് പ്രകടനം നടത്താൻ തയ്യാറാകാത്ത നഗരസഭാ ജീവനക്കാരോടും കരാറുകാരോടും മേയർ പകപോക്കൽ നടപടികൾ സ്വീകരിക്കുകയാണ്. 21 വയസ്സുള്ള ഒരാളെ ഞങ്ങൾ മേയറാക്കി ലോകത്ത് അത്ഭുതം സൃഷ്ടിച്ചിരിക്കുന്നു എന്ന് പറഞ്ഞ് മാർക്സിസ്റ്റ് പാർട്ടിക്ക് വാർത്തയിൽ ഇടം പിടിക്കുന്നതിന് വേണ്ടി കാണിച്ച അവിവേകം ഒരു നാടിനെ അധർമ്മം കൊടികുഞ്ഞി വാഴുന്ന ഇടമാക്കി മാറ്റുകയാണെന്നും വിവി രാജേഷ് ചൂണ്ടിക്കാട്ടി.
ബിജെപി കൗൺസിലർമാരുടെ വാർഡുകളിൽ പല ജോലികൾക്കും അനുമതി നൽകുന്നില്ല.
തിരുവനന്തപുരത്തെ സ്നേഹിക്കുന്ന എല്ലാവരും ഈ ധാർഷ്ഠ്യത്തിനെതിരെ പ്രതികരിക്കണമെന്നും, ഇതിനെതിരെ മുഴുവൻ ജനങ്ങളെയും സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വി.വി രാജേഷ് പറഞ്ഞു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കരമന അജിത്ത് അദ്ധ്യക്ഷനായ യോഗത്തിൽ കോർപ്പറേഷൻ കൗൺസിൽ പാർട്ടി ഉപനേതാവ് തിരുമല അനിൽ, കൗൺസിലർമാരായ പി.അശോക് കുമാർ, മധുസൂദനൻ നായർ തുടങ്ങിയവർ സംസാരിച്ചു.