സൂപ്പർ സ്റ്റാർ പ്രഭാസിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് ബാഹുബലിയും ബാഹുബലി-2 ഉം. രണ്ട് ചിത്രത്തിനും ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. വീണ്ടും ബാഹുബലിയുമായി രാജമൗലി എത്തുന്ന വിവരം അടുത്തിടെയാണ് പുറത്തുവന്നത്. ബാഹുബലി ദ ക്രൗൺ ഓഫ് ബ്ലഡ് എന്ന അനിമേറ്റഡ് സീരിസുമായാണ് രാജമൗലി എത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപന ചടങ്ങിൽ സംസാരിച്ച രാജമൗലിയുടെ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമാകുന്നത്. ബാഹുബലിയുടെ ബജറ്റിനെ കുറിച്ചാണ് രാജമൗലി സംസാരിക്കുന്നത്.
ബാഹുബലിയുടെ പ്രമോഷന് വേണ്ടി ഞങ്ങൾ പണം ചിലവഴിച്ചിട്ടില്ല. ആ പണവും ചിത്രത്തിന്റെ നിർമാണത്തിന് വേണ്ടിയാണ് മാറ്റിവച്ചത്. ബാഹുബലിയുടെ പ്രമോഷന് ഞങ്ങൾ ഞങ്ങളുടെ തലച്ചോറും ബുദ്ധിയുമാണ് ഉപയോഗിച്ചത്. ഞങ്ങളുടെ സമയവും ബാഹുബലിക്ക് വേണ്ടി ഞങ്ങൾ മാറ്റിവച്ചു. ഡിജിറ്റൽ പോസ്റ്ററുകളിലൂടെയും ചെറിയ വീഡിയോകളിലൂടെയും ചിത്രത്തെ കുറിച്ച് എങ്ങനെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കാമെന്ന് ഞങ്ങൾ ചിന്തിച്ചു. അതിനായി ഒരുപാട് വീഡിയോകൾ പുറത്തിറക്കിയിരുന്നു.
ചിത്രത്തിലെ കഥാപാത്രങ്ങളെ പ്രമോഷനായി ഞങ്ങൾ ഉപയോഗിച്ചു. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോകൾ പുറത്തിറക്കി. ഇത്തരത്തിൽ ഒരുപാട് കാര്യങ്ങൾ ബാഹുബലിക്കായി ചെയ്തു. ഇതിലൂടെയാണ് ചിത്രത്തിന് പ്രേക്ഷക ശ്രദ്ധ ലഭിച്ചത്. എന്നാൽ ഞങ്ങൾക്ക് പണം ചെലവഴിക്കേണ്ടി വന്നില്ല. അത് തന്നെയായിരുന്നു ചിത്രത്തിന് ഇത്രയും പ്രേക്ഷകരെ കിട്ടാനുള്ള പ്രധാന കാരണം.
പുതിയ പ്രേക്ഷകരെ കൊണ്ടുവരാനാണ് ഞാൻ ശ്രമിക്കുന്നത്. എങ്ങനെ പുതിയ പ്രേക്ഷകരിലേക്ക് ചിത്രമെത്തിക്കാം, അവരെ എങ്ങനെ കണ്ടെത്താം എന്നൊക്കെയാണ് ഇപ്പോൾ ഞാൻ ചിന്തിക്കുന്നതെന്നും രാജമൗലി പറഞ്ഞു.