മലയാളി പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിച്ച ചിത്രമാണ് സിഐഡി മൂസ. ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, സലീം കുമാർ, ജഗതി തുടങ്ങിയ പ്രേക്ഷകരുടെ പ്രിയ താരങ്ങൾ അണിനിരന്ന ചിത്രത്തിന് ഇന്നും അസ്വാദകർ ഏറെയാണ്. ഈ കഥാപാത്രങ്ങളും അവരുടെ പ്രകടനങ്ങളും മലയാളികളുടെ മനസിൽ ഇപ്പോഴും തങ്ങിനിൽക്കുന്നുണ്ട്. സിഐഡി മൂസയുടെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാലിതാ ഈ വാർത്ത സ്ഥിരീകരിക്കുകയാണ് സംവിധായകൻ ജോണി ആന്റണി.
ചിത്രത്തിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പവി കെയർടേക്കർ എന്ന ദിലീപ് ചിത്രത്തിന്റെ പ്രമോഷൻ വാർത്താസമ്മേളനത്തിലാണ് ജോണി ആന്റണി സിഐഡി മൂസ-2 നെ കുറിച്ച് വെളിപ്പെടുത്തിയത്. മൂസ-2 നന്നായി എഴുതുകയാണെങ്കിൽ രസകരമായ ആ കോംബോ ഉണ്ടാവുകയാണെങ്കിൽ ചിത്രം പുറത്തിറങ്ങുമെന്ന് ജോണി ആന്റണി പറഞ്ഞു.
ആദ്യ ഭാഗം തുടങ്ങിയപ്പോൾ ഉണ്ടായ അതേ ഊർജ്ജത്തിൽ ഒന്നിച്ച് പോയാൽ മൂസ-2 ഉണ്ടാകുമെന്ന് ഉറപ്പാണ്. പുതിയ ആൾക്കാർ ചെയ്താൽ നന്നാകും എന്ന് എനിക്ക് പറയാൻ സാധിക്കില്ല. രണ്ടാം ഭാഗത്തിൽ മൂസയും അർജുനും ഉണ്ടായാൽ മതി. ഇന്ന് ഇല്ലാത്തവരെ നമുക്ക് കൊണ്ടുവരാനാകില്ലല്ലോ. നഷ്ടങ്ങൾ എന്നും നഷ്ടങ്ങൾ തന്നെയാണ്. ആദ്യ ഭാഗത്തെ പോലെ കട്ടയ്‌ക്ക് പിടിച്ച് രണ്ടാം ഭാഗത്തിലും പ്ര
വർത്തിക്കും. സ്കോട്ട്ലാന്റിലായിരിക്കും ചിത്രത്തിന്റെ ഇൻട്രൊഡക്ഷൻ സോംഗ്. കഴിവിന്റെ പരമാവധി ശ്രമിക്കും. ഞാൻ ഉറപ്പ് തരികയാണ്. മൂസ- 2 വരും- അദ്ദേഹം പറഞ്ഞു.
ആദ്യ ഭാഗത്തെ പല രംഗങ്ങളും പ്രേക്ഷകർക്കിടയിൽ ഇന്നും തങ്ങി നിൽക്കുന്നുണ്ട്. സംവിധായകന്റെ സ്ഥിരീകരണം കൂടിയായപ്പോൾ ആകാംക്ഷയിലാണ് പ്രേക്ഷകർ.















