രാജ്കുമാർ റാവു കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം ‘ശ്രീകാന്ത്’ ഒറ്റ ദിവസം കൊണ്ട് കളക്ഷനിൽ കുതിച്ചുയർന്നു. ഇന്നലെ റീലിസ് ചെയ്ത ചിത്രം ബോക്സോഫീസിൽ 2.25 കോടിയാണ് സ്വന്തമാക്കിയത്. ബൊല്ലന്റ് ഇൻഡസ്ട്രീസിന്റെ സ്ഥാപകനായ ശ്രീകാന്ത് ബൊല്ലയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ശ്രീകാന്ത്. തുഷാർ ഹിരാനന്ദാനിയാണ് ചിത്രം സംവിധാനം ചെയ്തത്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന് വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ദിവ്യാംഗരായ വ്യക്തികൾക്കുള്ള പ്രചോദനമാണ് ഈ സിനിമയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ചെറിയ ജീവിതത്തിലെ വലിയ പോരാട്ടങ്ങളെ കുറിച്ചും ആത്മധൈര്യത്തെ കുറിച്ചും ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നു. ജോതികയുടെ അഭിനയത്തെ കുറിച്ചും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
കാഴ്ചശക്തി കുറവുള്ള വ്യവസായിയുടെ വേഷത്തിലാണ് രാജ്കുമാർ എത്തുന്നത്. കുറവുകളെ മറികടന്ന് തന്റെ സ്വപ്നങ്ങൾക്ക് വേണ്ടി പ്രയത്നിക്കുന്ന വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന തിക്തമായ അനുഭവങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. തൊഴിലിടങ്ങളിൽ നടക്കുന്ന വിവേചനങ്ങൾക്കെതിരെയും ശ്രീകാന്ത് എന്ന സിനിമ ശബ്ദമുയർത്തുന്നുണ്ട്.
അലയ എഫ്, ജോതിക, ശരദ് കേൽക്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ഭൂഷൺ കുമാർ, കൃഷ്ണകുമാർ, നിധി പർമർ ഹിരാനന്ദാനി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.