ഒരു കൂട്ടം യുവാക്കളുടെ അതിജീവനത്തിന്റെയും സാഹസികത നിറഞ്ഞതുമായ ജീവിതത്തിന്റെ കഥ പറയുന്ന സിനിമയായ മഞ്ഞുമ്മൽ ബോയ്‌സ് വൻ വിജയമാണ് നേടിയത്. ചിദംബരത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്‌സിന് കേരളത്തിലെന്നതു പോലെ തമിഴ്‌നാട്ടിലും വൻ സ്വീകാര്യതയാണ് ലഭിച്ചത്. സിനിമയുടെ കഥയെന്നതു പോലെ വേറിട്ടു നിൽക്കുന്നതാണ് ചിത്രത്തിന്റെ മേക്കിംഗും മേക്കപ്പും. ആസ്വാദകനിലേക്ക് സിനിമ വളരെ വ്യത്യസ്തയോടെ എത്തിക്കുന്നതിൽ അഭിനേതാക്കളുടെ മേക്കപ്പ് പ്രധാന പങ്ക് വഹിക്കുന്നു. അത്തരത്തിൽ ഗുണ കേവ്‌സിൽ അകപ്പെട്ടു പോയ ശ്രീനാഥ്ഭാസിയുടെ മേക്കപ്പിനെ കുറിച്ചുള്ള രസകരമായ വിവരമാണ് സംവിധായകൻ ചിദംബരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
ഗുണ കേവിൽ അകപ്പെട്ട ശ്രീനാഥ്ഭാസിയുടെ ദേഹത്ത് പരിക്കുകളും ചെളിയും കാണിക്കണമായിരുന്നു. ഇതിനായി ഉപയോഗിച്ചത് ഒറിയോ ബിസ്‌ക്കറ്റാണെന്നാണ് സംവിധായകൻ പറയുന്നത്. റോണക്‌സ് എന്ന മേക്കപ്പ്മാന്റെ ബുദ്ധിയിൽ തെളിഞ്ഞതാണ് ഒറിയോ ബിസ്‌കറ്റ് കൊണ്ടുള്ള മേയ്‌ക്കപ്പ്. ഒറിയോ ബിസ്‌ക്കറ്റ് പൊടിച്ച് വെള്ളവും മറ്റും ചേർത്താണ് അതുണ്ടാക്കിയതെന്നും മധുരം അടങ്ങിയതിനാൽ ശ്രീനാഥ്ഭാസിയെ ഇടയ്‌ക്കിടെ ഉറുമ്പ് കടിക്കുമായിരുന്നുവെന്നും ചിദംബരം പറയുന്നു.
അടുത്തിടെ പുറത്തിറങ്ങി വമ്പൻ കളക്ഷൻ നേടിയ മഞ്ഞുമ്മൽ ബോയ്‌സിന്റെ ഭൂരിഭാഗം ചിത്രീകരണവും തമിഴ്‌നാട്ടിലെ കൊടൈക്കനാലിലാണ് നടന്നത്. ഗുഹയിൽ വീണ സുഭാഷ് എന്ന യുവാവിനെയായിരുന്നു ശ്രീനാഥ്ഭാസി അവതരിപ്പിച്ചത്. ഗുഹയിൽ വീണു കിടന്ന സുഹൃത്തിനെ രക്ഷിക്കാൻ മറ്റുള്ളവർ തമിഴ്‌നാട് പൊലീസിന്റെ സഹായം തേടിയപ്പോൾ ഇവരെ മർദ്ദിക്കുന്ന ഭാഗങ്ങളും സിനിമയിൽ കാണിച്ചിരുന്നു. എന്നാൽ യഥാർത്ഥ മഞ്ഞുമ്മൽ ബോയ്‌സിന് ഇത്തരത്തിൽ മർദ്ദനം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തുമെന്ന് തമിഴ്‌നാട് പൊലീസ് അറിയിച്ചു. എന്നാൽ പിന്നീട് യുവാക്കൾ തന്നെ അന്വേഷണം വേണ്ടെന്ന് പറയുകയായിരുന്നു. ശ്രീനാഥ്ഭാസിക്ക് പുറമെ സൗബിൻ ഷാഹിർ, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലിം കുമാർ, വിഷ്ണു രഘു, അഭിറാം, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ എന്നിവരാണ് സിനിമയിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.















